കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഇന്ത്യക്കാർ ഏറ്റവും അധികം വെറുക്കുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ആണ് "q " . ഇംഗ്ലീഷ് അക്ഷരമാലയുടെ ഒരറ്റത്ത് ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഒതുങ്ങി കൂടി ജീവിച്ചിരുന്ന പാവത്തിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേട്ട തെറിക്കു കയ്യും കണക്കും ഇല്ല . ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇക്കാലത്തു ആർക്കാണ് ക്യുവിൽ നിന്ന് ശീലമുള്ളതു ? എല്ലാം ഓൺലൈൻ അല്ലെ . ബീവറേജസിലെ ക്യൂ, എന്ന പതിവ് ക്ലിഷേ ഞാൻ മനഃപൂർവം ഒഴിവാക്കുന്നു . പണ്ടൊക്കെയാണെങ്കിൽ സിനിമ തീയേറ്ററിൽ എങ്കിലും ക്യൂ നിക്കുമായിരുന്നു .ഇപ്പൊ അതും ഓൺലൈൻ ആയതിൽ പിന്നെ ആ ശീലവും മാറി കിട്ടി .പിന്നെ ന്യൂ ജനറേഷന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ പകുതി പേരും ബാങ്കിന്റെ പടി കണ്ടിട്ടില്ല എന്നുള്ളതാണ് .ഹോം ലോൺ എടുത്തിട്ടുള്ളവരെ ഞാൻ ഈ പട്ടികയിൽ നിന്ന് ബഹുമാനപൂർവ്വം ഒഴിവാകുന്നു .(അവര് പടി കണ്ടിട്ടുണ്ടാവും ആ പടിയിൽ കുറെ നാള് കുടി കെട്ടി പാർത്തിട്ടും ഉണ്ടാവും . ) അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ദിവസം പാതിരാത്രി രാജ്യത്തിൻറെ പ്രധാനമന്ത്രി കള്ളപ്പണക്കാരെ പിടിക്കാനുള്ള ഒരു സൈക്കോളജിക്കൽ മൂവ് നടത്താൻ തീരുമാനിച്ചതു . എല്ലാവരും സഹകരിച്ചു നല്ല കുട്ടികളായി നാളെ മുതൽ ,സോറി, രണ്ടു ദിവസം കഴിഞ്ഞു പോയി ബാങ്കിൽ ക്യൂ നിൽക്കാനും ഉപദേശിച്ചു .
ദോഷം പറയരുതല്ലോ ഞാനുൾപ്പടെ മിക്കവര്ക്കും അത് അങ്ങ് ക്ഷ ബോധിച്ചു . പാവപ്പെട്ടവർ കഷ്ട്ടപെട്ടു പണിയെടുക്കുന്നു , ടാക്സ് കൊടുക്കുന്നു എന്നിട്ടു റോഡിലെ കുഴിയിൽ വീണു നടുവൊടിയുന്നു . കള്ളപ്പണക്കാരാകട്ടെ ടാക്സ് കൊടുക്കുന്നുമില്ല മുന്തിയ കാറുകളിൽ പോകുന്നത് കൊണ്ട് നടുവൊടിയുന്നുമില്ല . അവന്മാർക്കിട്ടു ഒരു പണി ഇരിക്കട്ടെ അല്ലെ . രണ്ടു ദിവസം കഴിഞ്ഞു , എടിയെമുകളിലും ബാങ്കുകളിലും ആളുകൾ വാശിക്ക് ക്യൂ നിന്ന് ദേശ സ്നേഹം തെളിയിച്ചു . ഈ നിന്ന കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു .ഈ സമയം ഫേസ്ബുക്കിൽ പതിവ് പോലെ പ്രധാനമന്ത്രിക്ക് ദീപാരാധന , പൊങ്കാല എന്നിവ തുടങ്ങി കഴിഞ്ഞിരുന്നു . തമ്മിൽ തല്ലു , തെറി വിളി , ബുദ്ധി ജീവി തർക്കം എന്നീ ഐറ്റങ്ങൾക്കും ഒട്ടും കുറവില്ലായിരുന്നു . മൊത്തത്തിൽ ഫേസ്ബുക് തുറന്നാൽ ഉത്സവ പ്രതീതി . ഞാനും കൂട്ടത്തിൽ കൂടി . ഒന്നും വിചാരിക്കരുത് , ശീലമായി പോയി അതുകൊണ്ടാ .. എന്താന്നറിയില്ല . എന്ത് സംഭവം ഉണ്ടായാലും ഫേസ്ബുക്കിൽ കയറി പ്രതികരിച്ചില്ലെങ്കിൽ ഒരു സുഖമില്ല . യേത് ?
മാർക്ക് സുക്കെർബർഗ് അണ്ണൻ ഈ ദേശസ്നേഹം കണ്ടു ഇരിക്കപ്പൊറുതി ഇല്ലാതെ എല്ലാരേം ഫേസ്ബുക്കിൽ നിന്ന് ചവിട്ടി പുറത്താക്കാൻ തുടങ്ങിയതാ . അപ്പോഴാണ് ഇരുട്ടടി പോലെ അവിടെ പ്രസിഡന്റ് ആയി ആ വാക്കിന്റെ സ്പെല്ലിങ് പോലും അറിയാത്ത മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ആയ ഒരു മനുഷ്യൻ ജയിച്ചത് . സ്വന്തം നാട്ടിലെ മനുഷ്യന്മാര് ഇങ്ങനെ ആണെങ്കിൽ പിന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നും പറഞ്ഞു അങ്ങേരു അങ്ങ് അടങ്ങി .പക്ഷെ ഒട്ടും മനഃസമാധാനം ഇല്ലാത്ത അവസ്ഥ വന്നത് അതിർത്തിയിൽ കാവല് നിൽക്കുന്ന പാവം പട്ടാളക്കാർക്കായിരുന്നു . ഒന്ന് പറഞ്ഞു രണ്ടിന് എല്ലാര്ക്കും പട്ടാളക്കാരോട് സ്നേഹം കര കവിഞ്ഞൊഴുകും . അവർക്കു പറ്റുമായിരുന്നേൽ അവര് വന്നു അവർക്കു വേണ്ടി ബഹളം വെക്കുന്ന ടീമ്സിനെ തന്നെ ആദ്യം വെടിവെച്ചിട്ടേനെ . എല്ലാത്തിലും വലിച്ചിഴക്കാതെ അവരെ അവരുടെ പാടിന് വിടുന്നതല്ലേ നല്ലതു.
രണ്ടു ദിവസം ക്യൂ നിന്ന് കഴിഞ്ഞപ്പോ പൊങ്കാലക്കാരുടെ എണ്ണം കൂടി . പ്രധാനമന്ത്രി ആണേൽ വെടിമരുന്നിനു തീ കൊളുത്തിട്ടു അടുത്ത ഫ്ലൈറ്റ് പിടിച്ചു നേരെ ജപ്പാനിലേക്കും പോയി . അങ്ങേർക്കു വല്ല ആവശ്യവും ഉണ്ടായിരുന്നോ . ട്രോളന്മാർക്കു പിന്നെ ചാകര ആയിരുന്നെന്നു പറയേണ്ട കാര്യമില്ലല്ലോ . ടി വി ചാനലുകാരാണെങ്കിൽ വെകിളി പിടിച്ച കൊച്ചിന് ചക്കക്കൂട്ടാൻ കിട്ടിയ മട്ടിലായിരുന്നു പ്രകടനം . ബി.ജെ .പി അനുകൂല ചാനലുകളിൽ ആളുകൾ സന്തുഷ്‌ടരായി പാട്ടും പാടി മോഡിക്കു ജയ് വിളിച്ചു ക്യൂ നിന്നു . ചില നിഷ്പക്ഷ ചാനലുകാർ(അങ്ങനെയുള്ളവർ കുറവാണെങ്കിലും) തെറി വിളിക്കുന്നവരെയും പാട്ടു പാടുന്നവരെയും മാറി മാറി കാണിച്ചു . മോഡി വിരുദ്ധ ചാനലുകളിൽ ആളുകൾ ക്യൂവിൽ നിന്ന് കുഴഞ്ഞു വീഴുന്നത് മാത്രമായിരുന്നു വാർത്ത . ഇതെല്ലാം നടന്ന സംഭവങ്ങൾ തന്നെയാണ് . ഓരോ ചാനലുകാർ അവരവരുടെ "മാധ്യമധർമ്മം" അനുസരിച്ചു അവർക്കു ആവശ്യമുള്ളത് മാത്രം കാണിച്ചു എന്ന് മാത്രം . ഡൽഹിയിൽ മഴ പെയ്‌തില്ലെങ്കിൽ അത് മോഡിയുടെ കുറ്റം കൊണ്ടാണെന്നു പറയുന്ന കെജ്‌രിവാൾ , കിട്ടിയ അവസരം മുതലാക്കി പതിവ് പോലെ ട്വിറ്ററാക്രമണം തുടങ്ങി . അഴിമതിക്കെതിരെ പൊരുതും എന്നും പറഞ്ഞു മുഖ്യമന്ത്രി ആയ മനുഷ്യനാണ് . പറഞ്ഞിട്ട് കാര്യമില്ല . അങ്ങേരെ കാണുമ്പോഴാണ് പണ്ട് iit എഴുതി കിട്ടാത്തതിന്റെ വിഷമം മാറുന്നതു . കിട്ടിട്ടെന്തിനാ അല്ലെ , കഷ്‌ടം തന്നെ മുതലാളി..
ഡിസംബർ 31 വരെ സമയം ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞെങ്കിലും ആർക്കും അത്ര വിശ്വാസം പോരാ .നിന്ന നിൽപ്പിനു അഞ്ഞൂറും ആയിരവും പിൻവലിച്ച മനുഷ്യനാണ് ,ഇനി ഇപ്പൊ ഡിസംബർ 31കലണ്ടറിൽ നിന്ന് പിൻവലിക്കില്ലെന്ന് ആര് കണ്ടു . ഉള്ള നോട്ടു നിർത്തലാക്കുവേം ചെയ്‌തു പുതിയത് ആവശ്യത്തിന് തികയാതെയും വന്നതാണ് ഈ പ്രശ്നങ്ങളുടെ ഒക്കെ മൂലകാരണം . പലരുടേം കയ്യിൽ പൊതിക്കാത്ത തേങ്ങാ പോലെ 2000 ത്തിന്റെ നോട്ടുകൾ ഇരിക്കുന്നു . ചില്ലറ കയ്യിൽ ഉള്ളവര്ക്കെല്ലാം ബ്ലാക്ക് ക്യാറ്റുകളുടെ സംരക്ഷണം വേണം എന്ന അവസ്ഥയിൽ ആണ് . ചെറുകിട കച്ചവടക്കാരും ദിവസക്കൂലിക്കാരും രോഗികളും ഒക്കെ കഷ്‌ടപ്പെടുന്നുണ്ട് . അവർക്കു വേണ്ടി എന്തെങ്കിലും പ്രത്യേക സംവിധാനം ഏർപ്പാടാക്കേണ്ടതായിരുന്നു .
എന്നാലും പഴ്സണലായി പറയുവാണെങ്കിൽ കുറച്ചു നാള് കൂടി ഒന്ന് ക്ഷമിക്കണം എന്നാണ് എന്റെ ഒരു ഇത് .കുറച്ചു കള്ളപ്പണക്കാർക്കെങ്കിലും പണി കിട്ടി കാണില്ലേ ? ഉണ്ടെന്നാണ് പല വാർത്തകളും സൂചിപ്പിക്കുന്നത് . നമുക്ക് കാത്തിരുന്ന് കാണാം .. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ ?