Saturday 18 February 2017

സിനിമയിലെ പ്രേതങ്ങൾ

കുറെ നാളു കൂടിയാണ് ഒരു പ്രേത സിനിമ ഇറങ്ങിയത് . എസ്രാ . എന്നാ പിന്നെ കണ്ടിട്ട് തന്നെ ബാക്കി കാര്യം . കുടുംബത്തോടെ പോയി . കൂടെ ചെറുതിനേം കൂട്ടി . "അതു വേണോടീ" എന്ന് ഭർത്താവു പല തവണ ചോദിച്ചു .  അവള് conjuring പോലെ ഉള്ള ഭീകര സിനിമകളൊക്കെ തച്ചിനിരുന്നു കണ്ടിട്ടുള്ള കൊച്ചാണ് . പിന്നല്ലേ നമ്മുടെ ലോക്കൽ എസ്രാ . ഇതൊക്കെ ചീള് കേസാണ് എന്നൊക്കെ പറഞ്ഞു പോയതാണ് . സത്യം പറയാല്ലോ ആദ്യം കുറെ പേടിച്ചു . കൂടെ വന്ന ധൈര്യശാലി കൊച്ചു കണ്ണും പൊത്തി ഇരുന്നാണ് പകുതി സിനിമ കണ്ടത് . ഭാഗ്യത്തിന് കരഞ്ഞു നിലവിളിച്ചു വീട്ടിൽ പോണം എന്നൊന്നും പറഞ്ഞു നാണം കെടുത്തിയില്ല .പക്ഷെ കുറെ അങ്ങോട്ട് പോയപ്പോ സാധാരണ പ്രേത സിനിമകളിലെ കുറെ ക്ലിഷേകൾ ഇതിലും ഉണ്ടെന്നു മനസ്സിലായി . എസ്രാ യിൽ അവിടെ ഇവിടെ കുറച്ചു മാറ്റങ്ങൾ ഉണ്ടെന്നേ ഉള്ളൂ .

എല്ലാ പ്രേത സിനിമകളിലും ഉണ്ടാകും ഒരു പ്രേത ബംഗ്ലാവ് . നായകനും നായികയും എവിടുന്നേലും കെട്ടിപ്പെറുക്കി വന്നു അവിടെ തന്നെ താമസിക്കും . ഈ പറയുന്ന വീട്ടിൽ ഒരിക്കലും കറന്റുണ്ടാവില്ല . ഫുൾ ടൈം പവർകട്ടാണ് .  അഥവാ കറന്റ് ഉണ്ടെങ്കിൽ തന്നെ ഒരുത്തനും സ്വിച്ച് ഇടണമെന്ന് തോന്നൂല , മനുഷ്യനെ പേടിപ്പിക്കാനായിട്ടു . ഇനി പ്രേതം കയറി കഴിഞ്ഞാൽ വീട് മുഴുവൻ ഓട്ടോമേറ്റഡ് ആകും .വാതിലുകൾ ജനലുകൾ എല്ലാം ഓട്ടോമാറ്റിക് ആയി അടയും തുറക്കും .കണ്ടാൽ തോന്നും പ്രേതങ്ങളുടെ കുലത്തൊഴിൽ ഈ സെക്യൂരിറ്റി പണി ആണെന്ന് . ഈ വീട്ടിൽ  ഒരു ചാരു കസേര ഉറപ്പായും കാണും . ചാരു  കസേര ഇല്ലാത്ത പ്രേത സിനിമകൾ പ്രേത സിനിമകൾക്ക് തന്നെ അപമാനമാണ് . ഈ പറയണ കസേര ഇല്ലെങ്കിൽ പിന്നെ പ്രേതങ്ങൾ എവിടെ കയറി ഇരുന്നു ആടും ഹേ . പ്രേതങ്ങൾക്കും കാണില്ലേ ആഗ്രഹങ്ങൾ . ചാരുകസേര ഇല്ലെങ്കിൽ മിനിമം ഒരു ആട്ടുകട്ടിൽ എങ്കിലും വേണം .  ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ടായാലും നമ്മുടെ നായകനും നായികയ്ക്കും അവിടം വിട്ടു വേറെ എങ്ങോട്ടേലും പോണമെന്നുള്ള സാമാന്യ ബുദ്ധി തോന്നില്ല .


പൊതുവെ 80 ശതമാനം സിനിമ പ്രേതങ്ങളും പെണ്ണുങ്ങളാണ് . ജീവിച്ചിരിക്കുമ്പോ പഞ്ച പാവങ്ങളായിരിക്കുന്നവർ പ്രേതങ്ങളാകുമ്പോ ഭീകരന്മാരും ഭീകരികളുമായി മാറും . പിന്നെ പാറപുരത്തു ചിരട്ടയിട്ടുരക്കുന്ന പോലെ സംസാരിക്കു . പക്ഷെ പാട്ട് പാടുമ്പോ മാത്രം കെ.എസ് ചിത്രയായി മാറും . പെണുങ്ങൾ മാത്രം പ്രേതങ്ങൾ ആകുന്നതിനു പിന്നിൽ വേറെയും ഗൂഢ ലക്ഷ്യങ്ങൾ ഉണ്ട് .ആവശ്യം വരുമ്പോ വെള്ള സാരിയും ഉടുപ്പിച്ചു മുടിയും അഴിച്ചിട്ടു ആൾക്കാരെ പേടിപ്പിക്കാൻ വിടാല്ലോ . വിനയൻ ഇപ്പൊ പ്രേത സിനിമ എടുക്കാത്തത് കൊണ്ട് വെള്ളസാരി പ്രേതങ്ങളെ കുറെ നാളായി ഭാഗ്യത്തിന് ഈ വഴിക്കു കാണാറില്ല . എന്നാലും വെള്ള തന്നെയാണ് പൊതു യൂണിഫോം . വെള്ള സാരി,വെള്ള ഫ്രോക്ക് , വെള്ള മേക്കപ്പ് അങ്ങനെ പോകും . നായിക കണ്ണാടിയിൽ നോക്കുമ്പോ പുറകെ വന്നു നിന്ന് പേടിപ്പിക്കുന്നതാണ് പ്രേതങ്ങളുടെ ഹോബി . ഒളിച്ചിരുന്നു പേടിപ്പിക്കുക , പുറകെ വന്നു തോണ്ടി വിളിച്ചു പേടിപ്പിക്കുക - ഇതൊക്കെയാണ് മറ്റു സ്ഥിരം നമ്പറുകൾ .

പ്രേതത്തിനെ ഒഴിപ്പിക്കുന്നതാണല്ലോ പ്രധാന ചടങ്ങു . അതിനു ദേഹത്ത് ആവശ്യത്തിനും അനാവശ്യത്തിനും കുറെ ചരടും തകിടും ഒക്കെ ഉള്ള ഒരു മന്ത്രവാദി വേണം . ഇല്ലെങ്കിൽ താടിയും മുടിയും കുറെ കൊന്തകളും ഉള്ള ഒരു പള്ളീലച്ചൻ . ഇവരുടെ  ഒക്കെ രൂപം കാണുമ്പോ തന്നെ പ്രേതം പേടിച്ചോടും . അല്ലാത്തവരെ അവരു പതിവ് പോലെ മന്ത്രം ചൊല്ലി ഓടിച്ചോളും . നായിക കിടന്നു തൊണ്ട പൊട്ടി കാറുമ്പോ  തന്നെ പ്രേതത്തിന്റെ ചെവി പൊട്ടി അത് ഉള്ള ജീവനും കൊണ്ട് ഓടിപോകേണ്ടതാണ് . അപ്പൊ ഓടാത്ത പ്രേതമാണ് രണ്ടു മന്ത്രം കേൾക്കുമ്പോ ഓടുന്നത് . ഒഴിഞ്ഞു പോകുന്നതിനു മുമ്പ് കുറച്ചു നേരം പറന്നു നടക്കുക , അലറി വിളിക്കുക , ചുറ്റും ഉള്ളവരെ ഒക്കെ ഓടിച്ചിട്ട് അടിക്കുക ഇതൊക്കെ കാണും . ഒഴിപ്പിക്കാൻ വന്ന പള്ളിലച്ചനും മന്ത്രവാദിക്കും ഒക്കെ അടി ഉറപ്പാണ്.

അപ്പൊ പറഞ്ഞു വന്നത് , എല്ലാ പ്രേത സിനിമകളും ഏറെ കുറെ ഇതൊക്കെ തന്നെയാണ് . കാലാകാലങ്ങളായി പുരോഗമനം ഒന്നും ഇല്ലാത്ത പാവങ്ങൾ ആണല്ലോ ഈ സിനിമയിലെ പ്രേതങ്ങൾ . അല്ലെങ്കിലും അവർക്കു ചോദിക്കാനും പറയാനും ആരുമില്ലല്ലോ അല്ലെ ..

 

Friday 20 January 2017

ജിമ്മിലെ കാഴ്ചകൾ

പുതിയ വര്ഷം ആകുമ്പോ വണ്ണം കുറയ്ക്കാൻ തീരുമാനിക്കുന്നതാണല്ലോ നാട്ടു നടപ്പ്  . അങ്ങനെ എല്ലാ വർഷത്തെയും പോലെ ഞാനും പുതിയ വര്ഷം നന്നാവാനും ജിമ്മിൽ പോകാനും തീരുമാനിച്ചു . ഞാനും ചേച്ചിയും കൂടി സംഘം ചേർന്ന് പോയി ജിമ്മിൽ മെമ്പർഷിപ് എടുത്തു .സ്കൂട്ടർ പഠിക്കൽ പരിപാടി വൻ വിജയം ആയതിൽ പിന്നെ സംഘം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്താൽ വിജയിക്കും എന്നാണ് ഞങ്ങളുടെ ഒരു വിശ്വാസം .അങ്ങനെ  ചെന്ന് ചാടിയതോ കുറെ ഹെൽത്ത് ഫ്രീക്കന്മാരുടെയും ഫ്രീക്കികളുടെയും നടുവിൽ .ട്രെയിനർ ആയി കിട്ടിയ പയ്യനാണെങ്കിൽ അതിലും വലിയ ഫ്രീക്കൻ . ഒരു ഉത്തമ ആവേശ കുമാരൻ . പുതിയ ഇരകളെ കിട്ടിയ സന്തോഷം അവന്റെ മുഖത്ത് കാണാനുണ്ട് . ഞങ്ങളെ ത്രെഡ് മില്ലിൽ കയറ്റി എങ്ങോട്ടെന്നില്ലാതെ ഓടാൻ വിട്ടിട്ടു അവൻ അവിടെ നിന്നിരുന്ന വേറെ ഒരു പയ്യനെ തറയിൽ കിടത്തി ചവിട്ടി തിരുമ്മാൻ തുടങ്ങി . എന്നിട്ടു അവനെ പൊക്കി എടുത്തു അവിടെയുള്ള  ഒരു കമ്പിയിൽ തൂക്കിയിട്ടു . അവൻ അവിടെ അങ്ങനെ കൂൾ ആയി തൂങ്ങി കിടന്നു ഒന്ന് മുതൽ നൂറു  വരെ ഒക്കെ എണ്ണുന്നത് കണ്ടു . ആവേശൻ അടുത്തതായി  ഒരു ചേച്ചീനെ മൂക്കു കൊണ്ട് ക്ഷ വരയ്ക്കുന്ന എന്തോ അഭ്യാസം  ചെയ്യിക്കാൻ തുടങ്ങി  . ആ ചേച്ചി ഇടയ്ക്കു ഉരുണ്ടു പിരണ്ട്‌ വീണപ്പോ രണ്ടു തെറിയും പറഞ്ഞു വീണ്ടും ക്ഷ ഇമ്മ ഖഖ ചച്ച ഒക്കെ വരപ്പിച്ചു . അതേ  സമയം അവിടെ വേറെ ഒരുത്തൻ സൈക്കിളിലിന്റെ പുറത്തു വിയർത്തു കുളിച്ചു ഇരുന്നു ചവിട്ടുന്നുണ്ടായിരുന്നു . ഞങ്ങൾ വന്നപ്പോ തൊട്ടു ഇരിക്കുന്നതാണ് . ശരീരത്തിൽ കൊഴുപ്പിന്റെ അംശം പോലും ഇല്ല .എന്നാൽ ചവിട്ടുന്നതിനാണേൽ ഒരു കുറവും ഇല്ല താനും . ആവേശൻ ഇടയ്ക്കിടെ സൈക്കിൾ യജ്ഞക്കാരനെ അഭിമാനത്തോടെ നോക്കുന്നുണ്ട് .

മൊത്തത്തിൽ ഞങ്ങളെ സംബന്ധിച്ചടുത്തോളം ഭീകരാന്തരീക്ഷം . ത്രെഡ് മില്ലിൽ നിന്ന് ഓടണോ അതോ പുറത്തോട്ടു ഇറങ്ങി ഓടണോ എന്ന് പലതവണ ചിന്തിച്ചു . തറയിൽ ക്ഷ പോലെ കിടക്കുന്ന ചേച്ചിക്കൊ കമ്പിയിൽ തൂങ്ങി കിടക്കുന്ന പയ്യനോ സൈക്കിൾ യജ്ഞക്കാരനോ മുഖത്ത് ലവലേശം "എനിക്ക് മതിയായേ " എന്ന ലക്ഷണം ഇല്ല എന്നുള്ളത് ഞങ്ങളെ കുറച്ചൊന്നുമല്ല  ഭയപ്പെടുത്തിയത് .  ഞാൻ ആണേൽ കുറച്ചു നേരം ഓടി കഴിഞ്ഞപ്പോ തന്നെ പെട്ടിയിലാകും  എന്ന സ്ഥിതിയിലായിരുന്നു .  . ഒടുവിൽ അങ്ങേർക്കു ദയവു തോന്നി ഞങ്ങളോട്  ത്രെഡിമില്ലിൽ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞു . അടുത്ത ഇനം  കസേരയിൽ ഇരുപ്പായിരുന്നു . പരിപാടി ഒക്കെ കൊള്ളാം , പക്ഷെ കസേര ഇല്ല എന്നൊരു ചെറിയ കുഴപ്പമേ ഉള്ളു . ഈ ഇരിക്കുന്നതും എണീക്കുന്നതും അന്തരീക്ഷത്തിൽ ആണ് . അതൊക്കെ  ബുദ്ധിമുട്ടാകില്ലേ ഞങ്ങൾ തറയിൽ ഇരുന്നോളാം എന്ന് പറഞ്ഞിട്ടു അങ്ങേരു സമ്മതിച്ചില്ല  . കന്നടയിൽ തെറി പറയാൻ സാധ്യതയുള്ളത് കൊണ്ട് ഞങ്ങൾ ഒന്നും മിണ്ടാതെ പറഞ്ഞത് അനുസരിച്ചു . ഇതിനിടെ കുറെ പെണ്ണുങ്ങൾ ഏറോബിക്‌സ് ക്ലാസ് കഴിഞ്ഞു പോകുന്നത് കണ്ടു . ചിലതിനെ ഒക്കെ കണ്ടാൽ ഇതിനൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ എന്ന് തോന്നി പോകും . വണ്ണത്തിന്റെ "വ" പോലും അടുത്തൂടെ പോയിട്ടില്ല . എന്നാലും രാവിലെ കെട്ടി പെറുക്കി ജിമ്മിലോട്ടു വന്നോളും .മനുഷ്യരെ കോംപ്ലക്സ് അടിപ്പിക്കാൻ . ഇവിടെ മനുഷ്യന് കൊച്ചുണ്ടായി കഴിഞ്ഞു 7 വര്ഷം ആയിട്ടും വയറു കുറക്കാൻ പറ്റീട്ടില്ല .അപ്പോ ഇങ്ങനെ ഉള്ള ഓരോന്നിനെ കണ്ടാൽ വിഷമം തോന്നുവോ ഇല്ലയോ . നിങ്ങള് പറ .

അന്തരീക്ഷ കസേരയിൽ നിന്ന്  എണീപ്പിച്ചു ആ കഷ്മലൻ ഞങ്ങളെ ആ ജിം മുഴുവൻ വീണ്ടും ഓടിച്ചു  . അതും പോരാഞ്ഞിട്ട് താഴെ വരെ പടി ഇറങ്ങി പോയിട്ട് ഓടി മുകളിൽ കയറി വരണം പോലും . മേല്പറഞ്ഞ ജിം ഒരു കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ ആണെന്ന് ഓർക്കണം .താഴെ ഇറങ്ങി പോയിട്ട് ലിഫ്റ്റിൽ കയറി മുകളിൽ വരാൻ പ്ലാൻ ചെയ്‌തു നിന്ന ഞങ്ങളെ അങ്ങേരു കൂടെ ഇറങ്ങി വന്നു ഓടിച്ചു മുകളിലോട്ടു കേറ്റി . കൂടെ ഓടിക്കൊണ്ടിരുന്നവർക്കൊന്നും ഈ കയറ്റവും ഇറക്കവും ഒരു പ്രശ്നമേ അല്ല . കൂളായി തുള്ളിച്ചാടി നാലു നില കയറുന്നു ഇറങ്ങുന്നു . ഞങ്ങളാണേൽ  ഇരുന്നും കിടന്നും നിരങ്ങിയും  ഒക്കെ ഒരു വിധം കയറി എന്ന് വരുത്തി .  ഇത്രേം ആയപ്പോ തന്നെ ഞങ്ങള്  അയ്യ്യോ പൊത്തോന്നും പറഞ്ഞു ഒരു മൂലയ്ക്ക് പോയി ഇരിപ്പായി .  പക്ഷെ ട്രൈനെർക്ക് വിടാൻ ഭാവമില്ല . ആ മഹാപാപി ഒരു  അരമണിക്കൂർ കൂടി ഞങ്ങളെ ഓടിച്ചും ചാടിച്ചും ഉരുട്ടിയും ഒക്കെ സന്തോഷം കണ്ടെത്തി . അവസാനം എന്തോ സഹതാപം തോന്നിയിട്ടാവും ഇന്നത്തേക്ക് ഇത്രേം മതി ബാക്കി നാളെ എന്ന് പറഞ്ഞു അന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു .  കയ്യും കാലും ഒന്നും ഉള്ളതായി  തോന്നാത്തത് കൊണ്ട് സ്കൂട്ടർ ഓടിക്കാൻ  പറ്റുമോന്നു സംശയമായിരുന്നു . ഒരു വിധം വീട്ടിൽ എത്തി പറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ .

എന്നാലും ഞങ്ങളുടെ ആവേശം  കെട്ടടങ്ങി എന്ന് ആരും തെറ്റിദ്ധരിക്കരുത് . വിജയകരമായ രണ്ടാമത്തെ ആഴ്ചയും ഞങ്ങൾ ഇപ്പൊ പിന്നിട്ടിരിക്കുകയാണെന്ന് അഭിമാന പൂർവം അറിയിച്ചു കൊള്ളട്ടെ .ട്രെയിനർ കാണാതെ ജിമ്മിൽ ഒളിച്ചു കടന്നു പറ്റുന്നത് പോലെ ഒക്കെ ചെയ്‌തിട്ടു മുങ്ങുക എന്നുള്ളതാണ് ടെക്‌നിക്‌ . അഥവാ അങ്ങേരു അതിലേ എങ്ങാനും പോയാല് തലയിൽ തുണിയിട്ടു നടക്കുക , തറയിൽ കമഴ്ന്നു കിടക്കുക എന്നിങ്ങനെ പൊടിക്കൈകളും പ്രയോഗിക്കാറുണ്ട് . അതി കഠിനമായ കസർത്തുകൾക്കൊന്നും പോകാതെ ലഖു വ്യായാമങ്ങൾ പരീക്ഷിക്കാനാണ് തീരുമാനം .


വാൽകഷ്ണം : എന്റെ ഈ അഭ്യാസങ്ങൾ കണ്ടു എന്നും രാവിലെ പല്ലു തേക്കുന്നതിന്റെ കൂടെ കൃത്യമായി എന്നെ  പുച്ഛിക്കുന്ന ഭർത്താവിന്റെ  മുന്നിൽ പിടിച്ചു നില്ക്കാൻ വേണ്ടിയാണെങ്കിലും  കുറച്ചു നാള് മുടക്കം കൂടാതെ പോകണം എന്നാണ് ആഗ്രഹം. എന്റെ ജിമ്മില്ലാക്കുന്നിലപ്പാ  ..കാത്തോണേ!!!