പുരാതന കാലം തൊട്ടേ ഞങ്ങൾ വർക്കിംഗ് വുമൺ വർഗത്തിന് ഒഴിച്ച് കൂടാനാവാത്ത സഹായികളാണ് വീട്ടിൽ ജോലിക്കു വരുന്ന ചേച്ചിമാർ (പ്രായം കൂടുതൽ ആണെങ്കിൽ മാമിമാർ ). എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ . പക്ഷെ എന്റെ ഈ കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ സാധാരണ വീട്ടിൽ നിൽക്കുന്ന ചേച്ചിമാർ മുതലെടുക്കാറാണ് പതിവ് . ഒരു മുതലാളി എന്നെ നിലയിൽ ഞാൻ അത്ര പോരാ എന്ന അഭിപ്രായക്കാരാണ് ചേച്ചിയും അമ്മയും . കുറച്ചു കൂടി ബൂർഷ്യാ ആകണം പോലും . ഇല്ലെങ്കിൽ മേല്പറഞ്ഞ മുതലെടുപ്പുകൾ സംഭവിക്കും എന്നാണ് അനുഭവത്തിന്റെ പുറത്തുള്ള ഉപദേശം .
നാട്ടിൽ ആയിരുന്ന കാലത്തു അമ്മൂനെ നോക്കാൻ വന്ന മാമി ഞങ്ങളുടെ കൂടെ ഒരു 3 വർഷത്തോളം ഉണ്ടായിരുന്നു .അത് കഴിഞ്ഞു ഫ്ലാറ്റ് എടുത്തു മാറിയപ്പോ വന്ന പദ്‌മജ ആന്റിയും കൂടെ ഒരു 2 വര്ഷം ഉണ്ടായിരുന്നു . ബാംഗ്ലൂരിലേക്ക് വരാൻ തുടങ്ങിയപ്പോഴേ ചേച്ചി മുന്നറിയിപ്പ് തന്നിരുന്നു , ഇങ്ങനെയുള്ള ദീർഘ കാല സ്നേഹബന്ധങ്ങൾ ഒന്നും ഇവിടെ പ്രതീക്ഷിക്കരുതെന്നു . ഇവിടെ ജോലിക്കു പെട്ടെന്ന് ആളെ കിട്ടും . പക്ഷെ കിട്ടുന്ന സ്പീഡിൽ തന്നെ അവര് ഇട്ടേച്ചും പോകും . കാരണം അവർക്കും പെട്ടെന്ന് അടുത്ത ജോലി കിട്ടും ടെക്കികളുടെ ഭാഷയിൽ പറഞ്ഞാൽ അട്രീഷൻ റേറ്റ് കൂടുതലാണ് . എയ് , അത്രേം ഒന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയോടെ വന്ന എനിക്ക് ഈ ഒരു 8 മാസത്തോടെ കാര്യങ്ങളുടെ കിടപ്പുവശം മനസിലായി . വേറെ ഒരിടത്തിനും കൂടി ഓഫർ ലെറ്റർ വാങ്ങിച്ചിട്ടേ സാധാരണ ഈ ചേച്ചിമാർ നമ്മളുടെ അടുത്ത് വരൂ . അവിടെ കിട്ടിയ ഓഫർ വെച്ച് കുറച്ചു വിലപേശും . വീടിന്റെ വാസ്തുവും വീട്ടിലുള്ളവരുടെ മുഖ്യലക്ഷണവും ഒക്കെ ഇഷ്‌ടപ്പെട്ടാൽ വരാമെന്നു സമ്മതിക്കും . ശെരി, നാളെ ജോലിക്കു വരാം എന്ന് പറഞ്ഞിട്ട് പോകുന്നവർ വന്നാൽ വന്നൂന്ന് പറയാം. വന്നാൽ തന്നെ ഒരു ഒരു മാസം നിന്നാൽ നിന്നൂന്നു പറയാം . ചിലപ്പോ ഇവിടുന്നു പോകുന്ന വഴിയേ അവരെ വേറെ ഏതെങ്കിലും വീട്ടുകാർ ചാക്കിട്ടു പിടിച്ചാൽ ആ വഴിക്കു പോകും . പിന്നെ നമ്മൾ വീണ്ടും അടുത്ത് അതിലും വലിയ ചാക്കും കൊണ്ട് ഇറങ്ങണം .
അങ്ങനെ ഇവിടെ വന്നു എട്ടു മാസത്തിനിടെ ഒരു ആറ് പേരെയെങ്കിലും ഞാൻ നിയമിച്ചിട്ടുണ്ട് . ഭാഷ ആണ് മറ്റൊരു പ്രശനം .കന്നടക്കാരെ നിർത്താൻ ഒരു നിവർത്തിയുമില്ല . ഒരു അന്തോം കുന്തോം ഇല്ലാത്ത ഭാഷയാണ് . നമ്മള് ചക്കയെന്നു പറഞ്ഞാൽ അവർക്കു ഒരു ചക്കക്കുരുവും മനസിലാകില്ല . ചുക്കെന്നു പറഞ്ഞാൽ വേണേൽ അപ്പുറത്തെ പറമ്പിൽ പോയി ചക്കയിട്ടിട്ടു വരും . അതു കൊണ്ട് അവരെ "കന്നഡ ഗൊത്തില്ലാ" പറഞ്ഞു ഒഴിവാക്കുകേ വഴിയുള്ളു . തമിഴ് അറിയുന്നവർ ആണ് കൂടുതലും വന്നത് . തമിഴും മലയാളവും അകന്ന ബന്ധുക്കളായതു കൊണ്ട് നമുക്ക് ഒരു വിധം പിടിച്ചു നില്ക്കാൻ പറ്റും . ആദ്യമാദ്യം ഞാൻ തമിഴ് ഒന്ന് പയറ്റി നോക്കിയായിരുന്നു . തച്ചിനിരുന്നു പണ്ട് ദൂരദർശനിൽ ശനിയാഴ്ച തമിഴ് സിനിമ കണ്ടതൊക്കെ പിന്നെ എപ്പോഴാ ഒന്ന് പ്രയോജനപ്പെടുന്നത് . പക്ഷെ നമ്മള് മലയാളം കഷ്ട്ടപെട്ടു തമിഴികരിച്ചു പറയുമ്പോ അവര് തിരിച്ചു കട്ട തമിഴെടുത്തലക്കും . നമ്മള് പിന്നെ അത് ഗൂഗിൾ ടട്രാൻസലേറ്ററിൽ ഒക്കെ ഇട്ടു മനസിലാക്കി വരുമ്പോ അവര് അവരുടെ പാടിന് പോകും . പക്ഷെ ഞാൻ നോക്കുമ്പോ അമ്മയ്ക്ക് ഇതൊന്നും ഒരു പ്രശ്നമേ ഇല്ല . ഇതെന്തു മറിമായം? ഞാൻ ഇവരെ ഒന്ന് രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിച്ചു അമ്മ നല്ല പച്ച മലയാളത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുന്നു , അവരതു അക്ഷരം പ്രതി അനുസരിക്കുന്നു . അത് ശെരി, അപ്പൊ ഒരു വിധം ചേച്ചിമാർക്കൊക്കെ മലയാളം അറിയാം .പിന്നെ എന്റെ ഈ തമിഴ് പ്രയോഗം ചുമ്മാ അവർക്കു ഒരു എന്റർടൈൻമെന്റ് , അത്രേ ഉള്ളു!!എല്ലാം സഹിക്കാം , ഏറ്റവും ബുദ്ധിമുട്ടു പക്ഷെ ഈ കൊഴിഞ്ഞു പോക്ക് തന്നെയാണ് .നിന്ന നിൽപ്പിൽ കാണാതെയാകും . നോട്ടീസ് പീരീഡ് ഉം ബോണ്ടും ഒന്നും ഇല്ലല്ലോ . പിന്നെ നമ്മൾ അടുത്ത ആളെ നിർത്തണം . ചിലപ്പോ ഒരു ആഴ്ചത്തെ യാത്രയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു കയറുന്ന സുജയ് പുതിയ ആളെ കണ്ടിട്ട് "അയ്യ്യോ ചേച്ചി വീട് മാറിപ്പോയി"എന്ന് പറഞ്ഞു ഇറങ്ങി പോകും .ഞാൻ പിന്നെ ഇതു പുതിയ ചേച്ചിയാണെന്നും പറഞ്ഞു മനസിലാക്കി വിളിച്ചോണ്ട് വരും
ഭാഗ്യം ഉണ്ടെങ്കിൽ ചിലര് നോട്ടീസ് തരും . ഒരു തവണ നിന്ന ചേച്ചി പറഞ്ഞത് മകളുടെ പ്രസവം അടുത്തു , നോക്കാൻ ആളില്ല , നാട്ടിൽ പോണം ,അത് കൊണ്ട് അടുത്ത മാസം തൊട്ടു വരില്ലെന്നാണ് . പാവങ്ങളല്ലേ , നീ കുറച്ചു കാശു കൂടുതൽ കൊടുത്തു വിട്ടേരെ എന്ന് എന്റെ ദാനശീലനായ ഭർത്താവും ഉപദേശിച്ചു . അങ്ങനെ കൂടുതൽ കാശും വാങ്ങി മകളെ പ്രസവിപ്പിക്കാൻ നാട്ടിൽ പോയ ചേച്ചി കഴിഞ്ഞ ദിവസം അപ്പുറത്തെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞു ഇറങ്ങിപോകുന്നത് കണ്ടു . എന്നെ കണ്ടപ്പോ ചമ്മലൊന്നും ഇല്ലാതെ ചിരിച്ചു കാണിച്ചു . ആകെ ചമ്മിപോയ ഞാൻ സുഖമല്ലേ എന്ന് ഒഴുക്കൻ മട്ടിൽ ചോദിച്ചു അവിടുന്ന് മുങ്ങി . - ഇവർക്കൊന്നും നിന്നെ ഒരു പേടിയും ഇല്ല , പറ്റിക്കാൻ എളുപ്പമാണെന്ന് മനസിലാക്കി നമ്പർ ഇറക്കുന്നതാണ് . സംഭവം പറഞ്ഞപ്പോ അമ്മ എന്നെ പുച്ഛിച്ചു .എനിക്കും ആകെ ക്ഷീണമായി പോയി . ഇനി മുതൽ ജോലിക്കു വരുന്നവരെ എല്ലാ ദിവസവും ആദ്യത്തെ അഞ്ചു മിനുട്ടു ഞാൻ പേടിപ്പിച്ചോളാം എന്ന് സമ്മതിച്ചതിൽ പിന്നെയാണ് അമ്മയ്ക്ക് സമാധാനം ആയതു .
ഏറ്റവും അവസാനം നിന്ന ചേച്ചിയും ഇത് പോലെ നിന്ന നിൽപ്പിൽ മുങ്ങി . പക്ഷെ ഒന്നാം തിയതി കൃത്യം പൊങ്ങി വന്നു ശമ്പളം ചോദിച്ചു . ആശുപത്രിയിൽ ആയിരുന്നുന്നു .ശമ്പളം കിട്ടീട്ടു ആശുപത്രിയിൽ പോയി വീണ്ടും കിടക്കാനുള്ളതാണ് പോലും .ആള് നല്ല പയറു പോലെ നിൽക്കുന്നു .. പുതിയ ഓഫർ കിട്ടിട്ടുണ്ടെന്നു കണ്ടാൽ അറിയാം .ഇവരെയാണേൽ ബൂർഷ്യാ ട്രൈനിങ്ങിന്റെ ഭാഗമായി ഞാൻ ഇടയ്ക്കിടയ്ക്ക് കണ്ണുരുട്ടി പേടിപ്പിക്കാറുണ്ടായിരുന്നതാണ് . എന്നിട്ടാണ് അവരെന്നോടു ഈ ചതി ചെയ്തത് . എന്തൊക്കെ പറഞ്ഞാലും പണി കിട്ടിയത് enikkanallo . ഇപ്പൊ വീണ്ടും ഞങ്ങൾ ചാക്കും കൊണ്ട് ഇറങ്ങിട്ടുണ്ട് . അടുത്ത ആളെ പിടിക്കാൻ...
No comments:
Post a Comment