ബർത്ഡേയ്ക്കു ഒരു പട്ടികുട്ടിയെ വാങ്ങികൊടുക്കണം .. അതാരുന്നു പുത്രിയുടെ ആവശ്യം .. ഡാഡ്‌ഡിയും മോളും പട്ടിയെ കൊഞ്ചിക്കാൻ മാത്രേ വരുള്ളൂ.. ബാക്കി അതിനെ നോക്കുന്ന ചുമതല എന്റെ തലേൽ വരുംന് നല്ല ഉറപ്പുള്ളത് കൊണ്ട് ആഗ്രഹം മുളയിലേ നുള്ളി. ഇവിടെ ഉള്ള കുട്ടിയെ നോക്കാൻ സമയം ഇല്ല.. അപ്പോഴാ കുട്ടി + പട്ടി.. ഡാഡ്‌ഡിയും മോളും ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് തുടങ്ങി .. അമ്മക്ക് അല്ലെങ്കിലും സ്നേഹം ഇല്ല .. 'അമ്മ ഒരു ഭീകര ജീവിയാണ് ‘.. അങ്ങനെ അങ്ങനെ ..അവസാനം അത്ര നിർബന്ധം ആണെങ്കിൽ മീനിനെ വളർത്താൻ അനുവാദം കൊടുത്തു .. അതാകുമ്പോ ഒരു മൂലയ്ക്ക് വെള്ളത്തിൽ കിടന്നോളുവല്ലോ .. അല്ല , അങ്ങനെ ആരുന്നു എന്റെ തെറ്റിദ്ധാരണ. ഒരു ചെറിയ ബൗൾ , അതിൽ ഒരു ചെറിയ മീൻ . അതായിരുന്നു തുടക്കം .. ഒരു മൂന്നു മാസം മുമ്പ് .കുറച്ചു കഴിഞ്ഞപ്പോ തോന്നി ആ പാവം മീനിന് ഒരു കൂട്ട് വേണ്ടെന്നു .. അങ്ങനെ രണ്ടു മൂന്നു മീനുകളെ കൂടി വാങ്ങിച്ചു .. അപ്പൊ ഡാഡ്‌ഡിക്കും മോൾക്കും തോന്നി ആ
ബൗൾ കുറച്ചു ചെറുതായി പോയില്ലേന്ന്... അങ്ങനെ ഒരു പുതിയ ഫിഷ് ടാങ്ക് വാങ്ങി .. ടാങ്ക് വാങ്ങിയപ്പോ മീൻ കുറഞ്ഞു പോയോന്ന് ഒരു സംശയം .. ഉടനെ വാങ്ങി രണ്ടു ഡസൻ മീൻ കൂടെ .. വലുതും ചെറുതും പല കളർ ഉള്ളതും .. കുറച്ചു ദിവസം കഴിഞ്ഞപ്പോ ചെറിയ മീനുകൾ അപ്രത്യക്ഷം ആകാൻ തുടങ്ങി.. എന്താ സംഭവം .. വലിയ മീനുകൾ നൈസ് ആയിട്ട് ചെറിയ മീനുകളെ ഓടിച്ചിട്ട് പിടിച്ചു തിന്നാൻ തുടങ്ങി .. ഉടനെ വാങ്ങി അടുത്ത ടാങ്ക് .. ചെറിയ മീനുകൾക്ക് വേണ്ടി .. ദുർബലരെ സംരക്ഷിക്കണമെന്നാണല്ലോ .. പിന്നെ എവിടുന്നോ ഒരു പ്രത്ത്യേക തരം ഡിസൈനർ മീനിനെ കൊണ്ട് വന്നു.. അവൻ വലിയ യോ യോ ആണ് , ഒറ്റയ്ക്ക് ഒരു ടാങ്കിലെ കിടക്കുള്ളൂ പോലും .. ചുരുക്കി പറഞ്ഞാൽ മീനുകൾ ഒരു പ്രസ്ഥാനമായി വളർന്നു .. ചെറുതും വലുതും ആയി ഇപ്പൊ അര ഡസൻ ടാങ്കുകൾ ഉണ്ട് .. ഒരു മൂന്നു നാല് ഡസൻ മീനുകളും .. വീട് ഒരു ചെറിയ മീൻ വളർത്തൽ കേന്ദ്രം ആയി എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല .. ശനീം ഞായറും മീനിനെ കുളിപ്പിക്കൽ, ടാങ്ക് വിര്ത്തിയാക്കൽ ഇതൊക്കെയാണ് വീട്ടിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വിനോദം .. മീനിന് കളിയ്ക്കാൻ കളിപ്പാട്ടം , ബാംഗ്ലൂർ വെള്ളം തണുപ്പായതുകൊണ്ടു ഓരോ ടാങ്കിലും വാട്ടർ ഹീറ്റർ ( സത്യമായിട്ടും അങ്ങനെ ഒരു സംഭവം ഉണ്ട് ) ,ഡിസ്കോ ലൈറ്റ് ,വാട്ടർ ഫിൽറ്റർ... അങ്ങനെ കുറെ ഡെക്കറേഷൻസ് ..
ഈ കാശൊക്കെ എന്തായാലും ചിലവാക്കുന്നുണ്ട് .. എന്നാൽ രണ്ടു നെത്തോലിയെ വാങ്ങി ഇട്ടിരുന്നെങ്കിലോ .. ഇടയ്ക്കിടയ്ക്ക് പിടിച്ചു വറുക്കാമായിരുന്നു.. ആരോട് പറയാൻ ആര് കേൾക്കാൻ ..
No comments:
Post a Comment