Friday, 23 December 2016

നിന്നെ പോലെ നിന്റെ മൊബൈലിനേയും..

ഇന്നലെ ചുമ്മാ ഇരുന്നപ്പോ ഈ മൊബൈൽ ഫോൺ ജീവിതത്തിൽ വന്ന വഴിയേ പറ്റി  ഒന്ന് ചിന്തിച്ചു നോക്കി . ജോലി കിട്ടി കഴിഞ്ഞാണ് , അതായതു ഏകദേശം ഒരു 10 വര്ഷം മുമ്പാണ് സ്വന്തമായി മൊബൈൽ കയ്യിൽ കിട്ടുന്നത് . അതിനു മുമ്പ് . ആഞ്ജനേടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നു . ഒരു നോക്കിയ 1100 ആണെന്ന് തോന്നുന്നു . അവളുടെ കയ്യിൽ മൊബൈൽ ഉള്ളതിൽ ചില്ലറ അസൂയ ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഞാനും അതും സ്വന്തം പോലെ തന്നെ ഉപയോഗിച്ചിരുന്ന കാലം . അപ്പൊ സ്വാഭാവികമായും നിങ്ങൾക്കു തോന്നും ജോലിയൊക്കെ ആയില്ലേ പിന്നെ സ്വന്തമായി ഒരു മൊബൈൽ വാങ്ങിച്ചാൽ എന്താന്ന് . ഫ്രഷർ ആയി ജോലിക്കു കയറിയവരുടെ ഓട്ടകീശയിൽ എന്ത് കാണാൻ . വീട്ടിലെ ലാൻഡ്‌ലൈൻ പോലും ഒരു ആഡംബരം ആണെന്നാണ് അമ്മയുടേം അച്ഛന്റെയും അഭിപ്രായം . അപ്പൊ പിന്നെ അവരോടും മൊബൈൽ വാങ്ങി തരാൻ പറയാൻ പറ്റില്ല . ഞാൻ എന്റെ മൊബൈൽ മോഹങ്ങൾ അടിച്ചമർത്തി അഞ്ജനയുടെ മൊബൈൽ ദത്തെടുത്തു തട്ടീം മുട്ടീം മുന്നോട്ടു പോയി . അപ്പോഴാണ്  ചേച്ചി ഒരു മാലാഖയെ പോലെ പുതിയ മൊബൈലും കൊണ്ട് പ്രത്യക്ഷപ്പെടുന്നതു . അങ്ങനെ ചേച്ചി സമ്മാനമായി വാങ്ങി തന്നതാണ് ആദ്യത്തെ മൊബൈൽ.

കിട്ടിയതോ കളർ ഡിസ്പ്ലേ ഉള്ള മൊബൈൽ !!! മൊബൈലുമായി ജാടക്ക് ആത്മസഖിയുടെ മുമ്പിൽ പോയി ഞെളിഞ്ഞു നിന്ന് ചോദിച്ചു "നിന്റെ മൊബൈലിൽ  കളർ ഡിസ്പ്ലേ ഉണ്ടോ " . അതില്ലെന്നു എനിക്ക് നന്നായി അറിയാമെങ്കിലും , എന്റെ മൊബൈലിൽ കളർ ഡിസ്പ്ലേ ഉണ്ടെന്നു അവളെ ബോധ്യപ്പെടുത്തണം . . അവൾക്കും കുറച്ചൊക്കെ അസൂയ തോന്നണനം . അതാണ് ലക്‌ഷ്യം .  പക്ഷെ പരിപാടി ചീറ്റിപ്പോയി . ലവൾ നാട്ടുകാരെ(ഓഫീസിൽ ഉള്ളവരെ) ഒക്കെ വിളിച്ചു കൂടി എന്റെ ഈ ഡയലോഗ് പബ്ലിഷ്  ചെയ്‌തു . എല്ലാരും കൂടെ എന്നെ കീറി ചുവരിൽ ഒട്ടിച്ചു . അങ്ങനെ ഞാനും എന്റെ കളർ ഡിസ്പ്ലേ ഉള്ള ഫോണും ഓഫീസിൽ കുപ്രസിദ്ധരായി . എന്നെ കാണുമ്പോ എല്ലാരും ചോദിയ്ക്കാൻ തുടങ്ങി " ഫോണിൽ കളർ ഡിസ്പ്ലേ ഒക്കെ ഉണ്ടല്ലോ അല്ലെ ? " ആകെ നാണക്കേടായി .അവളുടെ നോക്കിയ 1100 പഞ്ഞിക്കിടാനുള്ള വഴികൾ ആലോചിച്ചു ഞാൻ  കുറെ തല പുകച്ചു . പക്ഷെ  പാണ്ടി ലോറി കയറിയാലും അതിനു  ഒന്നും പറ്റാൻ സാധ്യത ഇല്ലാത്തതു കൊണ്ട് പയ്യെ ആ പദ്ധതി അങ്ങ് ഉപേക്ഷിച്ചു .

അത് കഴിഞ്ഞു പല മൊബൈലുകൾ മാറി മാറി വന്നു . നോക്കിയ 1100 കഴിഞ്ഞു ഏകദേശം ഒരു അഞ്ചു വർഷത്തോളം അഞ്ജന ഒരു സോണി വാക്മാൻ ഫോൺ ആണ് ഉപയോഗിച്ചത് . അവസാനം സോണി കമ്പനിക്കാര് നേരിട്ട് വന്നു വാങ്ങി കൊണ്ട് പോയി അത് അവരുടെ മ്യൂസിയത്തിൽ വെച്ചപ്പോഴാണ് അവള് അടുത്ത ഫോൺ വാങ്ങിയത് .ഞാൻ ആ സമയം കൊണ്ട് ഒരു 2  - 3 ഫോൺ എങ്കിലും മാറ്റി വാങ്ങി . അപ്പോഴത്തേക്കും ക്രെഡിറ്റ് കാർഡ് emi തുടങ്ങിയ സുഖപരിപാടികളൊക്കെ നിലവിൽ വന്നു .അത് കൊണ്ടാണ് , അല്ലാതെ ഞാൻ കാശു കൂട്ടി  വെച്ച് മേടിച്ചതാണെന്നു ആരും തെറ്റിദ്ധരിക്കരുത് . അങ്ങനത്തെ ദുശീലങ്ങളൊന്നും ഭാഗ്യത്തിന് പണ്ടും ഇല്ല ഇപ്പോഴും ഇല്ല .

വർഷങ്ങൾ കഴിഞ്ഞപ്പോ ഫോണുകൾ സ്മാർട്ട് ഫോണുകളായി രൂപാന്തരപ്പെട്ടു  . ഫോണുകളുടെ തലതൊട്ടപ്പനായിരുന്ന നോക്കിയ കാലഹരണപ്പെട്ടു കുഴിയിലായി  . മണ്ണും ചാരി നിന്ന ആൻഡ്രോയിഡുകൾ എല്ലാം തൂത്തു വാരി കൊണ്ട് പോയി . ഇടക്കിടക്ക് ഫോൺ മാറ്റിയില്ലെങ്കിൽ നമ്മളും കാലഹരണ പെട്ട് പോകുന്ന അവസ്ഥയാണ് . പക്ഷെ സത്യം പറഞ്ഞാ ഈ സ്മാർട്ഫോണുകളുടെ യഥാർത്ഥ പ്രയോജനം മനസിലാക്കിയത് ബാംഗ്ലൂരിൽ വന്നപ്പോഴാണ്  . എങ്ങോട്ടേലും പോണമെങ്കിൽ വഴിയറിയണ്ടേ . അതിനു g .p .s തന്നെ ശരണം . ഒരു പതിനായിരം ക്രോസ്സുകളും ഇരുപതിനായിരം മെയിനുകളും ഉണ്ട് . പ്രേത്യേകിച്ചും  ഓഫീസ് ക്യാബിൽ പോകുമ്പോഴാണ് പ്രശ്നം . പരിചയം ഇല്ലാത്ത ഏതേലും വഴിയിൽ കൊണ്ട് പോയി നിർത്തിട്ടു ഡ്രൈവർ ചോദിക്കും " മാഡം . റൈറ്റ് ഓർ ലെഫ്‌റ് ? " ദാ  കിടക്കണ് . ചോയ്ച്ചു ചോയ്ച്ചു പോകാനും ഭാഷ അറിയില്ലല്ലോ തമ്പുരാനെ . അങ്ങനെ പല അപകട സന്ധികളിലും ജി.പി .എസ് ഒരു രക്ഷകനായി  അവതരിച്ചിട്ടുണ്ട് . പക്ഷെ ഈ പരോപകാരിയായ ജി.പി .യെസ്‌നിനു പണി കൊടുക്കുക എന്നുള്ളതാണ് എന്റെ കെട്ടിയോന്റെ പ്രധാന വിനോദങ്ങളിൽ ഒന്ന്  . എവിടെയെങ്കിലും പോകുമ്പോ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്‌തിട്ടു നൂറു നൂറ്റമ്പതു   കിലോമീറ്റര് വേഗതയിൽ ഒറ്റപ്പോക്കാണ്. ജി.പി .എസ്  ഓടി ഓടി കൂടെ എത്തുമ്പോഴേക്കും ആള് അയൽ സംസ്‌ഥാനത്തിൽ എത്തീട്ടുണ്ടാകും. പിന്നെ കുറച്ചു നേരം അതിനു ബോധം വരുന്നത് വരെ വെയിറ്റ്  ചെയ്യും.അന്നേരം ആ പാവം  ജി.പി.എസ് നിന്ന് കറങ്ങുന്ന കറക്കം കണ്ടാൽ പെറ്റമ്മ സഹിക്കില്ല . അവസാനം ബോധം വീഴുമ്പോ ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ പോകേണ്ടതെന്നു വല്ലവിധേനെയും  കണ്ടു പിടിച്ചു പറഞ്ഞു കൊടുക്കും.. വീണ്ടും ഇതേ പ്രക്രിയ  തുടരും .
 
ജി.പി .എസ് പോലെ തന്നെ എന്റെ ഫോണിൽ പീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ഇരയാണ് സിരി . ഐഫോണിലെ വോയിസ് അസ്സിസ്റ്റൻസ് . വീട്ടിലെ ചട്ടമ്പികകൾക്കു (എന്റെ പുത്രിയും  , ചേച്ചിടെ പുത്രനും ) സിരി ഒരു ഹരമാണ് . അതിനെ ചോദ്യം ചെയ്യലാണ്   രണ്ടിന്റെയും പ്രധാന ഹോബി . ഫോണിനകത്തു അതിക്രമിച്ചു കടന്നിരിക്കുന്ന ശത്രുവിനെ പുകച്ചു പുറത്തു ചാടിക്കുകയാണ് ലക്‌ഷ്യം . ഈ ഫോണിനകത്തു എങ്ങനെ കയറി പറ്റി , എവിടെയാ വീട് , എന്താ അച്ഛനും അമ്മയ്ക്കും ജോലി , ഏതു സ്കൂളിലാ പഠിക്കുന്നെ , സ്കൂളിൽ ഹോംവർക് ഒന്നും ഇല്ലേ ,നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടേ , എന്തിനാ ഈ  ഫോണിൽ കയറി ഇരിക്കുന്നെ എന്നിങ്ങനെ പോകും ചോദ്യശരങ്ങൾ . രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന  ചോദ്യം ചെയ്യലിനൊടുവിൽ  "Sorry ,I  cannot answer any more questions at this point " എന്ന് പറഞ്ഞു സിരി സുല്ലിടും . ഇങ്ങനെ കുറെ തവണ ആയപ്പോ ജീവിതം മടുത്തു   സിരി ആത്‍മഹത്യ ചെയ്താലോ എന്ന് പേടിച്ചു ഞാൻ അതിനെ തത്കാലം ഡിസേബിൾ ചെയ്‌തു വെച്ചു .

വന്നു വന്നു  വീട്ടുകാരോട് പോലും ഇല്ലാത്ത ആത്മബന്ധമാണ് പലർക്കും ഇപ്പൊ സ്വന്തം മൊബൈലിനോട് . 5 മിനുട്ടു കണ്ണിൽ നിന്ന് മറഞ്ഞാൽ വെപ്രാളമായി പരവേശമായി ബഹളമായി . ഇടക്കിടക്കിൽ അതിൽ ഒന്ന് തൊണ്ടിയില്ലേൽ കൈ വിറയ്ക്കും എന്ന അവസ്ഥ . ഈ പറഞ്ഞ അസുഖങ്ങളൊക്കെ  എനിക്കും കുറേശെ ഉണ്ട് കേട്ടോ . അനുഭവങ്ങൾ പാച്ചാളികൾ .. . ഇതെല്ലാം തുടങ്ങിയത്  ഒരു  പാവം ഒരു നോക്കിയ ഫോണിൽ നിന്നാണല്ലോ  എന്നോർക്കുമ്പോ അത്ഭുതമൊട്ടു മാറുന്നതും ഇല്ല ...

Sunday, 18 December 2016

ദേശസ്നേഹം - മൊത്തമായും ചില്ലറയായും


കുറച്ചു നാളായി എന്താന്നറിയില്ല സുപ്രീം കോടതിക്ക് നാട്ടിൻപുറത്തെ ചില അമ്മച്ചിമാരുടെ സ്വഭാവമാണ് . ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഒക്കെ കയറി അങ്ങ് തലയിലിടും .എന്നിട്ടു ഓരോരോ വിധികൾ അങ്ങ് പുറപ്പെടുവിക്കും . ഇടയ്ക്കു ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റുന്നതിനെ പറ്റിയായിരുന്നു ചോദ്യം  . കോടതി ഓരോ  ദിവസം രാവിലെ ഉറക്കം എണീറ്റ് പല്ലും തേച്ചു  ഇന്ന് ഇന്നയാളുടെ മെക്കിട്ടു കേറാം എന്നും പറഞ്ഞു വരുന്നതൊന്നുമല്ല കേട്ടോ . ഒരു പണിയും ഇല്ലാത്ത  കുറെ മനുഷ്യർ കൊണ്ട് പോയി ഓരോരോ കേസ് കൊടുക്കും . "വീട്ടിൽ പോയി കിടന്നു ഉറങ്ങടെ " എന്നും പറഞ്ഞു അവരെ ഓടിച്ചു വിടാതെ കോടതി അതൊക്കെ എടുത്തങ്ങു പരിഗണിച്ചു കളയും . അവിടെ ആണ് പ്രശ്നങ്ങളുടെ തുടക്കം . പിന്നെ  അതിന്റെ പുറത്തു ചോദ്യങ്ങളായി വിധികളായി .. പിന്നത്തെ പൂരം പറഞ്ഞറിയിക്കണ്ടല്ലോ


അങ്ങനെ നോട്ടു നിരോധനം ചർച്ച ചെയ്‌തു ബോറടിച്ചിരുന്ന നാട്ടുകാരുടെ രക്ഷക്കായി കോടതി പുതിയ ഒരു വിധി പ്രസ്താവിച്ചു . എല്ലാ സിനിമ തിയേറ്ററുകളിലും സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ  ഗാനം കേൾപ്പിക്കണം  പോലും .അപ്പൊ എല്ലാരും എണീറ്റ് നിന്നോണം . ദേശിയ ഗാനം കേൾക്കുമ്പോ എഴുന്നേറ്റു നിൽക്കണം എന്നുള്ളത് ന്യായമാണ് .അതിൽ എനിക്കും തർക്കമില്ല . പക്ഷെ ഈ സിനിമയ്ക്കു പോകുന്നവരെ  മാത്രം തിരഞ്ഞു പിടിച്ചു ദേശീയ ഗാനം കേൾപ്പിക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഗുട്ടൻസ് എന്തായിരിക്കും  ?.

"ശ്വാസകോശം സ്പോഞ്ചു പോലെയാണ് " - ഈ പ്രപഞ്ച സത്യം മാലോകരൊക്കെ പഠിച്ചത്  സിനിമ തീയേറ്ററിൽ  അത് മുടങ്ങാതെ കേൾപ്പിച്ചതു കൊണ്ടല്ലേ . അത് പോലെ തന്നെയല്ലേ ഇത് .സിനിമ കാണുന്നതിന് മുമ്പ്  ദേശിയ ഗാനം കേട്ടാൽ എന്താ കുഴപ്പം  ? അത് വളരെ സന്ദർഭോചിതമായ കാര്യമല്ലേ ? ഉദാഹരണത്തിന് നിങ്ങൾ നായകനും നായികയും മരം ചുറ്റി പ്രേമിക്കുന്നത് കാണാനാണ് പോകുന്നതെന്ന് സങ്കൽപ്പിക്കുക . അതിനു  മുമ്പ് കുറച്ചു ദേശസ്നേഹം തോന്നുന്നതിൽ എന്താ തെറ്റ് ? നിങ്ങള്ക്ക് നല്ല ഒന്നാന്തരം ദേശസ്നേഹികളാണെന്നു അഭിമാനിച്ചിരുന്നു അവര് മരം ചുറ്റി പ്രേമിക്കുന്നത് കണ്ടു കൂടെ .  ദേശീയ  ഗാനം കഴിഞ്ഞു എല്ലാരേം ഒരു റൗണ്ട്  സൂര്യനമസ്കാരം കൂടി ചെയ്യിച്ചാൽ നന്നായിരുന്നു . നല്ല ഉഷാറായിരുന്നു സിനിമ കാണായിരുന്നു . അങ്ങനെ സിനിമയ്ക്കു പോകുന്നവരോക്കെ ഉത്തമ ദേശസ്നേഹികളും ആരോഗ്യ ദൃഢഗാത്രരും ആയി മാറും .യോഗയും ഭാരതീയ പൈതൃകത്തിന്റെ ഭാഗമാണല്ലോ . ഒരു വെടിക്ക് ചറ പറ രണ്ടു മൂന്ന് പക്ഷികൾ  . ആരെങ്കിലും ഈ ഐഡിയ മോദിജിക്ക്‌ പറഞ്ഞു കൊടുത്താൽ മതിയായിരുന്നു . മൂപ്പര് യോഗ എന്ന് കേട്ടാൽ അപ്പൊ കമഴ്ന്നു വീഴുമെന്നാണ് കേട്ടത് .

ഇനി ടി വി സീരിയലുകൾ തുടങ്ങുന്നതിനു മുമ്പും ദേശീയ  ഗാനം കേൾപ്പിക്കണം എന്നാണ് എന്റെ ഒരു ഇത് . എന്നിട്ടു സന്ധ്യ സമയങ്ങളിൽ വീടുകളിൽ മിന്നൽ പരിശോധനയും ആകാം . ദേശിയ ഗാനം കേൾക്കുമ്പോ എണീറ്റ് നിൽക്കാത്ത അമ്മച്ചിമാരെയൊക്കെ തൂക്കി പെറുക്കി ജയിലിൽ ഇടണം . അതോടെ സീരിയൽ എന്ന പകർച്ച വ്യാധിയിൽ നിന്ന് കുറെ കുടുംബങ്ങൾ രക്ഷപെടും,  സിനിമ കാണാൻ കാശു കൊടുത്തു തിയേറ്ററുകളിൽ പോകുന്നവര് മാത്രം ദേശ സ്നേഹം പഠിപ്പിച്ചാൽ  പോരല്ലോ .വീട്ടിൽ ചുമ്മാ ഇരിക്കുന്നവർക്കും പണി കൊടുക്കണം . മൊത്തമായും ചില്ലറയായും എല്ലാരേം ദേശസ്നേഹികൾ ആക്കണം എന്നുള്ളതാവണം നമ്മുടെ ലക്‌ഷ്യം . ഇത് കൂടാതെ ബസ് സ്റ്റോപ്പ് , റെയിൽവേ സ്റ്റേഷൻ , എയർപോർട്ട്,മാർക്കറ്റുകൾ, മാളുകൾ   തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഒക്കെ ഇടയ്ക്കിടയ്ക്ക് ദേശീയ  ഗാനം കേൾപ്പിക്കുന്നതു നന്നായിരിക്കും  . എന്നാലേ എണീറ്റ് നിൽക്കാത്ത ദേശ ദ്രോഹികളെ ഒക്കെ കണ്ടു പിടിക്കാൻ പറ്റൂ . വീൽ ചെയറിൽ ഇരുന്ന ഒരു മനുഷ്യൻ ജന ഗണ മന കേട്ടപ്പോ എണീറ്റില്ല എന്ന് പറഞ്ഞു ആരോ എടുത്തിട്ട് പെരുമാറി എന്ന് കേട്ടു . അവർക്കൊക്കെ അങ്ങനെ തന്നെ വേണം . ഭാരതം എന്ന് കേട്ടാൽ ചോര തിളക്കണം നമുക്ക് ഞരമ്പുകളിൽ . അങ്ങനെ അല്ലാത്തവരെ, അതിപ്പോ ഇത് പോലെ വീൽ ചെയറിൽ ആയി പോയവരാണേൽ പോലും ,  കുറച്ചു തീ ഇട്ടു കൊടുത്തു അങ്ങ് തിളപ്പിച്ചേക്കണം . ഇല്ലെങ്കിൽ പാകിസ്ഥാനിലോട്ടു പറഞ്ഞു വിടണം . പക്ഷെ അസഹിഷ്ണത ഒട്ടും പാടില്ല കേട്ടോ .അതൊക്കെ മോശം കാര്യങ്ങളാണ് .


ദേശിയ ഗാനത്തിനോടുള്ള അനാദരവ് കൊണ്ടൊന്നും അല്ല ഇത്രേം പറഞ്ഞത് . ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ദേശീയ  ഗാനം കേൾപ്പിച്ചു ആൾക്കാർക്ക് അതിനോടുള്ള ആദരവ് കളയണോ ? പിന്നെ ആൾക്കാര് എണീറ്റില്ല നിന്നില്ല ഇരുന്നു കളഞ്ഞു എന്നൊക്കെ പറഞ്ഞു കടി പിടി കൂടും . അതൊക്കെ നാണക്കേടല്ലേ  നാട്ടുകാരെ ?  സിനിമ കാണുന്നവർക്കു മാത്രം മതിയോ ദേശഭക്തി?

Sunday, 20 November 2016

ചിലവാകാത്ത നോട്ടുകൾ


 കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഇന്ത്യക്കാർ ഏറ്റവും അധികം വെറുക്കുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ആണ് "q " . ഇംഗ്ലീഷ് അക്ഷരമാലയുടെ   ഒരറ്റത്ത്  ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഒതുങ്ങി കൂടി ജീവിച്ചിരുന്ന പാവത്തിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേട്ട തെറിക്കു കയ്യും കണക്കും ഇല്ല . ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇക്കാലത്തു ആർക്കാണ് ക്യുവിൽ നിന്ന് ശീലമുള്ളതു ? എല്ലാം ഓൺലൈൻ അല്ലെ . ബീവറേജസിലെ ക്യൂ, എന്ന പതിവ്  ക്ലിഷേ ഞാൻ മനഃപൂർവം ഒഴിവാക്കുന്നു . പണ്ടൊക്കെയാണെങ്കിൽ സിനിമ തീയേറ്ററിൽ എങ്കിലും ക്യൂ നിക്കുമായിരുന്നു .ഇപ്പൊ അതും ഓൺലൈൻ ആയതിൽ പിന്നെ ആ ശീലവും മാറി കിട്ടി .പിന്നെ ന്യൂ ജനറേഷന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ പകുതി പേരും ബാങ്കിന്റെ പടി കണ്ടിട്ടില്ല എന്നുള്ളതാണ് .ഹോം ലോൺ എടുത്തിട്ടുള്ളവരെ ഞാൻ ഈ പട്ടികയിൽ നിന്ന് ബഹുമാനപൂർവ്വം ഒഴിവാകുന്നു .(അവര് പടി കണ്ടിട്ടുണ്ടാവും ആ പടിയിൽ കുറെ നാള് കുടി കെട്ടി പാർത്തിട്ടും ഉണ്ടാവും . ) അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ദിവസം പാതിരാത്രി രാജ്യത്തിൻറെ പ്രധാനമന്ത്രി  കള്ളപ്പണക്കാരെ പിടിക്കാനുള്ള ഒരു സൈക്കോളജിക്കൽ  മൂവ് നടത്താൻ തീരുമാനിച്ചതു . എല്ലാവരും സഹകരിച്ചു നല്ല കുട്ടികളായി നാളെ മുതൽ ,സോറി, രണ്ടു ദിവസം കഴിഞ്ഞു പോയി ബാങ്കിൽ ക്യൂ നിൽക്കാനും ഉപദേശിച്ചു .

ദോഷം പറയരുതല്ലോ ഞാനുൾപ്പടെ മിക്കവര്ക്കും അത് അങ്ങ് ക്ഷ ബോധിച്ചു . പാവപ്പെട്ടവർ കഷ്ട്ടപെട്ടു പണിയെടുക്കുന്നു , ടാക്സ് കൊടുക്കുന്നു എന്നിട്ടു റോഡിലെ കുഴിയിൽ വീണു നടുവൊടിയുന്നു . കള്ളപ്പണക്കാരാകട്ടെ ടാക്സ് കൊടുക്കുന്നുമില്ല മുന്തിയ കാറുകളിൽ പോകുന്നത് കൊണ്ട് നടുവൊടിയുന്നുമില്ല . അവന്മാർക്കിട്ടു ഒരു പണി ഇരിക്കട്ടെ അല്ലെ . രണ്ടു ദിവസം കഴിഞ്ഞു , എടിയെമുകളിലും ബാങ്കുകളിലും ആളുകൾ വാശിക്ക് ക്യൂ നിന്ന് ദേശ സ്നേഹം തെളിയിച്ചു . ഈ നിന്ന കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു .ഈ സമയം  ഫേസ്ബുക്കിൽ പതിവ് പോലെ പ്രധാനമന്ത്രിക്ക് ദീപാരാധന , പൊങ്കാല  എന്നിവ തുടങ്ങി കഴിഞ്ഞിരുന്നു  . തമ്മിൽ തല്ലു , തെറി വിളി , ബുദ്ധി ജീവി തർക്കം എന്നീ ഐറ്റങ്ങൾക്കും ഒട്ടും കുറവില്ലായിരുന്നു . മൊത്തത്തിൽ ഫേസ്ബുക് തുറന്നാൽ ഉത്സവ പ്രതീതി . ഞാനും കൂട്ടത്തിൽ കൂടി . ഒന്നും വിചാരിക്കരുത് , ശീലമായി പോയി അതുകൊണ്ടാ .. എന്താന്നറിയില്ല . എന്ത് സംഭവം ഉണ്ടായാലും ഫേസ്ബുക്കിൽ കയറി പ്രതികരിച്ചില്ലെങ്കിൽ ഒരു സുഖമില്ല . യേത് ?

മാർക്ക് സുക്കെർബർഗ് അണ്ണൻ ഈ ദേശസ്നേഹം കണ്ടു ഇരിക്കപ്പൊറുതി ഇല്ലാതെ എല്ലാരേം ഫേസ്ബുക്കിൽ നിന്ന് ചവിട്ടി പുറത്താക്കാൻ തുടങ്ങിയതാ  . അപ്പോഴാണ് ഇരുട്ടടി പോലെ അവിടെ പ്രസിഡന്റ് ആയി ആ വാക്കിന്റെ സ്പെല്ലിങ് പോലും അറിയാത്ത മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ആയ ഒരു മനുഷ്യൻ ജയിച്ചത് . സ്വന്തം നാട്ടിലെ മനുഷ്യന്മാര് ഇങ്ങനെ ആണെങ്കിൽ പിന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ  എന്നും പറഞ്ഞു അങ്ങേരു അങ്ങ് അടങ്ങി .പക്ഷെ   ഒട്ടും മനഃസമാധാനം   ഇല്ലാത്ത അവസ്ഥ  വന്നത് അതിർത്തിയിൽ കാവല് നിൽക്കുന്ന പാവം പട്ടാളക്കാർക്കായിരുന്നു . ഒന്ന് പറഞ്ഞു രണ്ടിന് എല്ലാര്ക്കും പട്ടാളക്കാരോട് സ്നേഹം കര കവിഞ്ഞൊഴുകും . അവർക്കു പറ്റുമായിരുന്നേൽ അവര് വന്നു അവർക്കു വേണ്ടി ബഹളം വെക്കുന്ന ടീമ്സിനെ തന്നെ ആദ്യം വെടിവെച്ചിട്ടേനെ . എല്ലാത്തിലും വലിച്ചിഴക്കാതെ അവരെ അവരുടെ പാടിന് വിടുന്നതല്ലേ നല്ലതു.

രണ്ടു ദിവസം ക്യൂ  നിന്ന് കഴിഞ്ഞപ്പോ പൊങ്കാലക്കാരുടെ എണ്ണം കൂടി . പ്രധാനമന്ത്രി ആണേൽ വെടിമരുന്നിനു തീ കൊളുത്തിട്ടു  അടുത്ത ഫ്ലൈറ്റ് പിടിച്ചു നേരെ ജപ്പാനിലേക്കും പോയി . അങ്ങേർക്കു വല്ല ആവശ്യവും ഉണ്ടായിരുന്നോ . ട്രോളന്മാർക്കു പിന്നെ ചാകര ആയിരുന്നെന്നു പറയേണ്ട കാര്യമില്ലല്ലോ . ടി വി ചാനലുകാരാണെങ്കിൽ വെകിളി പിടിച്ച കൊച്ചിന് ചക്കക്കൂട്ടാൻ കിട്ടിയ മട്ടിലായിരുന്നു പ്രകടനം . ബി.ജെ .പി അനുകൂല ചാനലുകളിൽ ആളുകൾ സന്തുഷ്‌ടരായി പാട്ടും പാടി മോഡിക്കു ജയ് വിളിച്ചു ക്യൂ നിന്നു . ചില നിഷ്പക്ഷ ചാനലുകാർ(അങ്ങനെയുള്ളവർ കുറവാണെങ്കിലും) തെറി വിളിക്കുന്നവരെയും പാട്ടു പാടുന്നവരെയും മാറി മാറി കാണിച്ചു . മോഡി വിരുദ്ധ ചാനലുകളിൽ ആളുകൾ ക്യൂവിൽ നിന്ന് കുഴഞ്ഞു വീഴുന്നത്  മാത്രമായിരുന്നു വാർത്ത  . ഇതെല്ലാം നടന്ന സംഭവങ്ങൾ തന്നെയാണ് . ഓരോ ചാനലുകാർ അവരവരുടെ "മാധ്യമധർമ്മം" അനുസരിച്ചു അവർക്കു ആവശ്യമുള്ളത് മാത്രം കാണിച്ചു എന്ന് മാത്രം  . ഡൽഹിയിൽ മഴ പെയ്‌തില്ലെങ്കിൽ അത് മോഡിയുടെ കുറ്റം കൊണ്ടാണെന്നു പറയുന്ന കെജ്‌രിവാൾ , കിട്ടിയ അവസരം മുതലാക്കി പതിവ് പോലെ ട്വിറ്ററാക്രമണം തുടങ്ങി  . അഴിമതിക്കെതിരെ പൊരുതും എന്നും പറഞ്ഞു മുഖ്യമന്ത്രി ആയ മനുഷ്യനാണ് . പറഞ്ഞിട്ട് കാര്യമില്ല . അങ്ങേരെ കാണുമ്പോഴാണ് പണ്ട് iit എഴുതി കിട്ടാത്തതിന്റെ വിഷമം മാറുന്നതു . കിട്ടിട്ടെന്തിനാ അല്ലെ , കഷ്‌ടം തന്നെ മുതലാളി..

ഡിസംബർ 31 വരെ സമയം ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞെങ്കിലും ആർക്കും അത്ര വിശ്വാസം പോരാ .നിന്ന നിൽപ്പിനു അഞ്ഞൂറും ആയിരവും പിൻവലിച്ച മനുഷ്യനാണ് ,ഇനി ഇപ്പൊ ഡിസംബർ 31കലണ്ടറിൽ നിന്ന് പിൻവലിക്കില്ലെന്ന് ആര് കണ്ടു .  ഉള്ള നോട്ടു നിർത്തലാക്കുവേം ചെയ്‌തു പുതിയത് ആവശ്യത്തിന് തികയാതെയും വന്നതാണ് ഈ പ്രശ്നങ്ങളുടെ ഒക്കെ മൂലകാരണം . പലരുടേം കയ്യിൽ പൊതിക്കാത്ത തേങ്ങാ പോലെ 2000 ത്തിന്റെ നോട്ടുകൾ ഇരിക്കുന്നു . ചില്ലറ കയ്യിൽ ഉള്ളവര്ക്കെല്ലാം  ബ്ലാക്ക് ക്യാറ്റുകളുടെ സംരക്ഷണം വേണം എന്ന അവസ്ഥയിൽ ആണ് . ചെറുകിട കച്ചവടക്കാരും ദിവസക്കൂലിക്കാരും രോഗികളും ഒക്കെ കഷ്‌ടപ്പെടുന്നുണ്ട് . അവർക്കു വേണ്ടി എന്തെങ്കിലും പ്രത്യേക  സംവിധാനം ഏർപ്പാടാക്കേണ്ടതായിരുന്നു  . 

എന്നാലും പഴ്സണലായി പറയുവാണെങ്കിൽ കുറച്ചു നാള്  കൂടി ഒന്ന് ക്ഷമിക്കണം എന്നാണ് എന്റെ ഒരു ഇത് .കുറച്ചു കള്ളപ്പണക്കാർക്കെങ്കിലും പണി കിട്ടി കാണില്ലേ ? ഉണ്ടെന്നാണ് പല വാർത്തകളും സൂചിപ്പിക്കുന്നത് . നമുക്ക് കാത്തിരുന്ന് കാണാം ..  ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ ?
 

Saturday, 12 November 2016

എന്റെ 'കല' പാതകങ്ങൾ

കലാകാരികളും കലാകാരന്മാരും ദൈവം സ്പെഷ്യലായി അനുഗ്രഹിച്ചു ഭൂമിയിലേക്ക് വിട്ടിരിക്കുന്നവരാണ് എന്നാണ് എന്റെ വിശ്വാസം . ഞാൻ പഠിച്ച സ്കൂളിൽ കലാകാരികളെ മുട്ടിയിട്ടു നടക്കാൻ വയ്യ എന്ന അവസ്ഥയായിരുന്നു . എനിക്കാണേൽ ദൈവം സഹായിച്ചു പാട്ടു,ഡാൻസ് ,ചിത്രരചന അങ്ങനെയുള്ള ഒരു കഴിവുകളും തൊട്ടുതീണ്ടിയിട്ടില്ല  താനും  .അത് കാരണം പണ്ട് എന്റെ കുഞ്ഞുമനസിൽ  ഉണ്ടായിരുന്ന അപകർഷതാ ബോധം ചില്ലറയല്ല . അഥവാ ഞാൻ അറിയാതെ ഇനി അങ്ങനെ വല്ല കഴിവും എനിക്ക് ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് സംശയം തോന്നും  . പെട്ടെന്നിതാ ഒരു ദിവസം ആകസ്മികമായി ഞാൻ എന്റെ കഴിവുകൾ തിരിച്ചറിഞ്ഞു ഡാൻസ്‌കാരിയായോ പാട്ടുകാരിയായോ ആയി മാറുന്നു , യുവജനോസ്തവങ്ങളിൽ സമ്മാനങ്ങൾ നേടുന്നു ,ആളുകൾ പ്രശംസിക്കുന്നു ,സിനിമേലെടുക്കുന്നു .. അങ്ങനെ  ചുമ്മാ ഇരുന്നു ദിവാസ്വപ്നങ്ങൾ കാണുന്നതാണ് ഹോബി  . പക്ഷെ ആ വക പ്രതീക്ഷകളൊക്കെ  തികച്ചും ആസ്ഥാനതാണെന്നു പിന്നീട് പല അനുഭവങ്ങളും തെളിയിച്ചു . അതിൽ ചിലതാണ് ഇനി പറയാൻ പോകുന്നത് ...

പാട്ടുകാരിയാകാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട് . ഒരു തവണയേ പക്ഷെ നടത്തേണ്ടി വന്നുള്ളൂ . പഠിക്കാൻ അമ്മ കൊണ്ട് ചെന്നാക്കിയത് ബാലഭവനിലെ ഒരു സാറിന്റെ അടുത്താണ് . സരിഗമ വരെയൊന്നും കാര്യങ്ങൾ എത്തിയില്ല . ആദ്യം  സാ പാ സാ  ആണ് പഠിപ്പിക്കുന്നത്  . ഞാൻ സുബ്ബലക്ഷ്മിയെ മനസ്സിൽ ആവാഹിച്ചു ഒരു കാച്ച് കാച്ചി . ആഹാ..എന്താ സ്വരം , എന്താ ഈണം ..ഞാനങ്ങു ആസ്വദിച്ചു പാടി ..ഒടുവിൽ സംഗീത സാഗരത്തിൽ ആറാടി തിരിച്ചെത്തിയപ്പോ കണ്ട കാഴ്ച . സാർ ഇരുന്നു കരയുന്നു . എന്നിട്ടു ഒറ്റ ചോദ്യം " എന്നെ കൊല്ലാതിരിക്കാൻ  പറ്റുവോ?"  നേരത്തെ പറഞ്ഞ സാഗരത്തിന്റെ കരയിൽ നിന്നും മണൽ വാരാൻ വന്ന  മണൽ മാഫിയക്കാരിയെ പോലെ സാർ എന്നെ ഒഴിവാക്കിക്കളഞ്ഞു . ."മേലാൽ ഈ സാധനത്തിനേം കൊണ്ട് ഈ വഴിക്കു വന്നു പോകരുത്"    എന്നൊരു  ശക്തമായ താക്കീതും  അമ്മക്ക് കൊടുക്കാൻ അദ്ദേഹം  മറന്നില്ല. അങ്ങനെയാണ് സുഹൃത്തുക്കളെ മലയാളത്തിന് ഒരു നല്ല പിന്നണി ഗായികയെ നഷ്‌ടപ്പെട്ടെന്നു നിങ്ങൾ മനസ്സിലാക്കണം


അങ്ങനെ പാട്ടു പദ്ധതി പൊളിഞ്ഞതോടെ ഞാൻ ഡാൻസ് പരീക്ഷിക്കാൻ തീരുമാനിച്ചു .സ്സ്കൂളിലെ പേരെന്റ്സ് ഡേയ്ക്ക് സ്റ്റേജിൽ കയറി ഗ്രൂപ്പ്  ഡാൻസ് കളിച്ചത്തിൽ പിന്നെയാണ് ഇതൊക്കെ നമുക്കും പറ്റും എന്ന് തോന്നി തുടങ്ങിയത് .ഇനി അതാണെങ്കിലോ എന്റെ "കല" വരുന്ന വഴി . നമ്മൾ പരീക്ഷിക്കാതെ വിടാൻ പാടില്ലല്ലോ . അല്ലാതെ അതിനോട് പ്രത്യേകിച്ചു  പാഷൻ ഒന്നും തോന്നിയിട്ടല്ല  . എന്നാലും സാരമില്ല, ഇനി എങ്ങാനും പഠിച്ചു തുടങ്ങുമ്പോ പാഷൻ തോന്നിയാലോ എന്ന ലൈനിൽ ആയിരുന്നു  ചിന്ത .ഈ ഡാൻസ് കളിയ്ക്കാൻ അറിയാവുന്നവരോക്കെ സ്കൂളിലെ താരങ്ങളാണ് . അതായിരുന്നു മറ്റൊരു   പ്രചോദനം . ഡാൻസ് പഠിക്കണം എന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു ബാലെ ട്രൂപ്പിൽ . വീടിന്റെ അടുത്തുള്ള ഒരു കൂട്ടുകാരി കൊണ്ട് പോയതാണ് . ബാലെ ആണ് മെയിൻ ഐറ്റം , സൈഡ് ബിസിനസ് ആയിട്ട് ഡാൻസും പഠിപ്പിക്കും . കുറച്ചു ദിവസം കഴിഞ്ഞപ്പോ തന്നെ മനസ്സിലായി , പേരെന്റ്സ്  ഡേയ്ക്ക് ഗ്രൂപ്പ് ഡാൻസ് കളിച്ചപ്പോൾ ഞാൻ പഠിച്ച  ഡാൻസല്ല ശരിക്കുള്ള ഡാൻസ് . അവിടെ  നമുക്ക് സ്റ്റേജിൽ ഡിസ്കോ ലൈറ്സ്‌ ഇടാൻ പറയാം . അതായത് നമ്മൾ സ്റ്റേജിൽ കയറി കളിക്കുമ്പോ അവര് ലൈറ്റ് മിന്നിയും അണച്ചും ഇടും . നമ്മൾ  സ്റ്റേജിൽ കയറി എന്താ  കളിക്കുന്നേന്ന് ഒറ്റ കുഞ്ഞിനും മനസിലാവില്ല .  ഞാൻ ചോദിച്ചു നോക്കി .  ഇത് ഭരതനാട്യം ആണ് ,അവര് ഡിസ്കോ ലൈറ്റ് ഇടില്ല പോലും . കൺട്രി ഫെല്ലോസ്..

എന്തിനേറെ പറയുന്നു ,അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോ തന്നെ എന്റെ ആവേശം കെട്ടടങ്ങി  . കൈ പോകുന്നിടത്തു കണ്ണ് പോണം, ,ഇത് രണ്ടും പോകുന്നതിന്റെ എതിർ ദിശയിൽ കാല് പോണം . ഭയങ്കര  കോംപ്ലിക്കേഷൻ ആണ്. എന്റെ കയ്യും കാലും കണ്ണും സ്വയം സ്വാതന്ത്ര്യം പ്രക്ഷ്യാപിച്ചു ഇഷ്‌ടമുള്ള വഴിക്കു പോകും .തട്ടടവും നാട്ടടവും അങ്ങനെ പലവിധ അടവുകൾ എന്റെ തലയിൽ കയറാതെ തലയ്ക്കു മുകളിലൂടെ വിവിധ ദിശകളിൽ പറന്നു പോയി . ഒടുവിൽ അരങ്ങേറ്റത്തിന്റെ അന്ന് സ്റ്റേജിൽ കയറി നിന്ന് എന്തൊക്കെ കാട്ടി  കൂട്ടിയെന്നു അരങ്ങേറ്റത്തിന് പോയ അമ്പലത്തിലെ  അയ്യപ്പന് മാത്രം അറിയാം .അതും ഒരു ദയനീയ പരാജയം  ആയതോടെ  ഞാൻ എന്റെ ഡാൻസ് മോഹങ്ങളുടെ ചിലങ്ക അഴിച്ചു വെച്ചു .

ആകെ  നിരാശയായ  ഞാൻ, എന്താണ് എന്നിലെ കല എന്നു   കുലങ്കഷമായി  ചിന്തിക്കാൻ തുടങ്ങി . ചേച്ചിയാണെങ്കിൽ ഭയങ്കര ചിത്രകാരിയായി എനിക്ക് കടുത്ത വെല്ലുവിളി ഉയർത്തികൊണ്ടിരിക്കുന്നു.
ഇതിനിടെ ചിത്രരചനയും ഞാൻ പയറ്റി നോക്കിയിട്ടുണ്ടായിരുന്നു . അതും എട്ടു നിലയിൽ പൊട്ടി പാളീസായിന്നു എടുത്തു  പറയേണ്ട കാര്യമില്ലല്ലോ .
. പാതിരാത്രി വരെ ഇരുന്നു ടി .വി കാണുന്നത് ഒരു കലയായി അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചിന്തിച്ചു പോയ കാലഘട്ടം .ടി .വി കാണൽ കഴിഞ്ഞാൽ പിന്നെ താല്പര്യം ഉള്ള   കാര്യം വായനയാണ് . വായന എന്ന് പറയുമ്പോ ബാലരമ പൂമ്പാറ്റ , ബോബനും മോളിയും എന്നിങ്ങനെയുള്ള മഹത്  ഗ്രന്ഥങ്ങളിലായിരുന്നു കമ്പം . വായന കമ്പം മൂർച്ഛിച്ചു  ഊണിലും ഉറക്കത്തിലും വരെ വായിക്കുന്ന അവസ്ഥ . ഡാൻസ് ,പാട്ടു തുടങ്ങി മറ്റുള്ളവർക്ക് അപകടം വരുത്തി വെക്കുന്ന പണി അല്ലാത്തത് കൊണ്ട് അമ്മയും സപ്പോർട്ട് ചെയ്‌തു . പിന്നീട് ഞാൻ ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നും പുരോഗമിച്ചു  ഡിറ്റക്റ്റീവ് നോവലുകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു.   ഒടുവിൽ  പഠിത്തമൊക്കെ മാറ്റി വെച്ചു ഞാൻ ഫുൾ ടൈം ഡിറ്റക്റ്റീവ് ആയി മാറും എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ . ഡിറ്റക്റ്റീവ് നോവലുകൾ പാഠപുസ്തകത്തിനിടയിൽ ഒളിച്ചു വെച്ചും, നോവലുകളുമായി ബാത്‌റൂമിൽ കയറി തപസ്സിരുന്നും ഒക്കെ ഞാൻ  കുറ്റാന്വേശ്വണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അമ്മ കുറച്ചു നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത് .

അപ്പൊ പറഞ്ഞു വന്നത് , ചെയ്യുമ്പോ സന്തോഷം തോന്നുന്ന കാര്യങ്ങളല്ലേ  നമ്മള് ചെയ്യേണ്ടത് ..  അവസാനം ഞാൻ സന്തോഷം കണ്ടെത്തിയ എന്റെ "കല" വായനയാണ്.. വീട്ടിൽ ഇപ്പോഴും പരീക്ഷണങ്ങൾ തുടരുന്നുണ്ട് .. .നടത്തുന്നത് അമ്മുക്കുട്ടി ആണെന്ന്  മാത്രം ...അവളെ ഡാൻസിന് ചേർത്തപ്പോ ചുമ്മാ തമാശക്ക് ഞാനും ചേർന്നു . ഒന്ന് കൂടി പയറ്റി നോക്കാനൊന്നുമല്ല , അവൾക്കു  ഒരു കമ്പനി,അത്രേ ഉദ്ദേശിച്ചുള്ളൂ ..ശരീരം അനങ്ങുന്ന കലകളോട് അവൾക്കു തീരേ  താല്പര്യം ഇല്ലാത്തതു കൊണ്ട് അധികം നാള് പോയില്ലെന്നു മാത്രം ."അമ്മ കളിക്ക് ഞാൻ കാണാം" എന്ന മട്ടിൽ കാര്യങ്ങൾ ആയപ്പോ ആ പരിപാടി ഞാൻ നിർത്തിച്ചു . പെയിന്റിംഗ് ആണ് ഇപ്പോഴത്തെ പരീക്ഷണം .അവളുടെ കല അവള് തന്നെ കണ്ടുപിടിക്കട്ടെ അല്ലെ . അവളുടെ പരീക്ഷണങ്ങളിൽ പരിപൂർണ പിന്തുണയുമായി ഞാൻ കൂടെ നിൽക്കുമെന്ന് മാത്രം.. :)

ഒരു പരൂക്ഷണകാലം - പാർട്ട് 2



കൊച്ചിന്റെ പരീക്ഷ കഴിഞ്ഞിട്ടുള്ള കഥ പിന്നെ പറയാമെന്നു പറഞ്ഞില്ലേ .അതാണ് ഈ കഥ ..പരീക്ഷക്ക് മുമ്പുള്ള കഥ അറിയണമെങ്കിൽ ദാ ദിത് വായിച്ചാൽ മതി :http://thoughtszzforward.blogspot.in/2016/10/blog-post.html

അങ്ങനെ പരീക്ഷ എന്ന പരീക്ഷണം കഴിഞ്ഞു ,അടുത്തതു പി .ടി എ മീറ്റിംഗ് എന്ന  അഗ്നി പരീക്ഷണം ആണ് . ഞാനാണ് സ്ഥിരം ഇര .കൊച്ചിന്റെ  ഡാഡിക്കു കൃത്യം ഈ സമയത്തു തന്നെ  മീറ്റിംഗുകളും യാത്രകളും വരാറാണ്‌ പതിവ് . ആദ്യമാദ്യം ഈ മീറ്റിംഗുകൾ വലിയ കുഴപ്പമില്ലായിരുന്നു .   കൊച്ചു സ്കൂളിൽ പോയി തുടങ്ങിയിട്ടേ ഉള്ളു . അവിടുത്തെ സാഹചര്യങ്ങൾ പഠിച്ചു വരുന്നേ ഉള്ളു . അവിടെ ചെന്ന് സ്വന്തമായി ഒരു ഗ്യാങ് ഒക്കെ ഉണ്ടാക്കാൻ സമയം വേണ്ടേ .  l .k g യിലെയും u .k g യിലെയും ക്ലാസ് ടീച്ചറും  കൊച്ചും  വലിയ കമ്പനി ആയിരുന്നു . രാവിലെ ബസ്സിന്റെ ഫസ്റ്റ് ട്രിപ്പിൽ തന്നെ സ്കൂളിൽ എത്തിയിട്ട് ആശാട്ടി ടീച്ചറിന്റെ പുറകെ അസിസ്റ്റന്റ് ആയിട്ട് കൂടും . എന്നിട്ടു വീട്ടിലെ കഥകളൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിക്കും . പല കഥകളും ഞെട്ടിപ്പിക്കുന്ന ഭാവന സൃഷ്‌ടികളാണെന്നു മാത്രം .


ഒരു ദിവസം ടീച്ചർ എന്നെ വിളിച്ചിട്ടു ചോദിക്കുവാ "പ്രസവം കഴിഞ്ഞോ? " "ഹെന്ത് " ഞാൻ ഞെട്ടി .
 ഇനി ഞാൻ അറിയാതെ എങ്ങാനും ഞാൻ പ്രസവിച്ചോ ?  ടീച്ചർ എന്തൊക്കെയാ ചോദിക്കുന്നത് .
"അല്ല , മോള് പറഞ്ഞു ... അനിയത്തി ഉണ്ടായിന്നു "
എപ്പ? ഞാൻ വീണ്ടും ഞെട്ടി . ഈ ടീച്ചർ കഴിഞ്ഞ ആഴചയും എന്നെ കണ്ടതാണല്ലോ . എനിക്ക് അത്രേം വയറുണ്ടോ . ശെടാ, ആരും പറഞ്ഞില്ല , ഉണ്ണി അറിഞ്ഞില്ല ..അടുത്ത ഡയറ്റിങ് തുടങ്ങാൻ സമയമായോ ?ഞാൻ വെറുതെ ആവലാതിപ്പെട്ടു .കൂടെ ഉള്ള കുട്ടികൾക്കൊക്കെ അനിയന്മാരും അനിയത്തിമാരും ഉണ്ടായപ്പോ അവളും സൗകര്യത്തിനു സ്വന്തമായി ഉണ്ടാക്കിയെടുത്ത ഭാവന സൃഷ്‌ടിയാണ്  പ്രസ്തുത അനിയത്തി  . അങ്ങനെ മോശക്കാരി ആകാൻ പറ്റില്ലലോ . കുട്ടികളോട് ഈ കഥ പറഞ്ഞു പരത്തിയ കൂട്ടത്തിൽ ടീച്ചറിനോടും പറഞ്ഞു .അവതരിപ്പിച്ചത് വളരെ തന്മയത്തോടെ ആയിരിക്കണം .അതാണ് ടീച്ചർ വിളിച്ചു കുശലാന്വേഷണം നടത്തിയത് .

ബാക്കി പറഞ്ഞ കഥകൾ അറിഞ്ഞത് അടുത്ത  പി.ടി.എ മീറ്റിംഗിന് പോയപ്പോഴാണ് .കൃത്യമായി പറഞ്ഞാൽ അവിടെ വെച്ചാണ് പി.ടി.എ മീറ്റിംഗുകൾ ഞങ്ങളുടെ പേടി സ്വപ്നങ്ങളായി മാറാൻ തുടങ്ങിയത് . അവളുടെ ഡാഡി ഡോക്ടർ ആണ് പോലും . പണ്ട് മെഡിക്കൽ എൻട്രൻസ് എഴുതി എന്നുള്ളതാണ് സുജയ് ക്കു മെഡിക്കൽ പ്രൊഫഷനും ആയിട്ടുള്ള ഏക ബന്ധം . അത് കൂടാതെ ഞങ്ങൾ രണ്ടു പേർക്കും അല്ലറ ചില്ലറ ഭീകര പ്രവർത്തനവും ഉണ്ട് . വീട്ടിൽ തോക്കുണ്ട് .ചുമ്മാ ഇരുന്നു ബോറടിക്കുമ്പോ വഴിയിൽ കൂടി പോകുന്നവരെയൊക്കെ വെടി വെച്ചു കളിക്കുന്നതാണ് ഞങ്ങളുടെ ഒരു ഹോബി . ഒന്ന് രണ്ടു പേരെയൊക്കെ ഞങ്ങൾ അങ്ങനെ തട്ടിക്കളഞ്ഞിട്ടുണ്ട് പോലും. കഥകൾ ചുരുക്കി പറഞ്ഞിട്ട് ടീച്ചർ തീവ്രവാദികളെ നോക്കുന്നത് പോലെ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ട് .  കൊച്ചു ഇതൊന്നും  എന്നെ പറ്റിയേ അല്ല പറയുന്നത് എന്ന മട്ടിൽ ആകാശത്തോടു നോക്കി ഇരിക്കുന്നു . ഈ കഥകളൊക്കെ എല്ലാ ടീച്ചറുമാരോടും പറഞ്ഞിട്ടുണ്ട് . ആരേം ഒഴിവാക്കിയിട്ടില്ല . ഭാഗ്യം .
.
ഒന്നാം ക്ലാസ്സിൽ ആയപ്പോ കൊച്ചു സ്വന്തമായി ഗ്യാങ് ഒക്കെ ഉണ്ടാക്കി അവിടെ ഒരു പ്രസ്‌ഥാനമായി മാറി കഴിഞ്ഞു . ഒരു തവണത്തെ മീറ്റിംഗിന് പോയപ്പോ ടീച്ചർ കുറെ കിടുപിടികൾ എടുത്തു മേശപ്പുറത്തു വെച്ചു .  കുറെ ടോയ്സിന്റെ കഷണങ്ങൾ , കുറച്ചു നാളായി ഞാൻ തപ്പി നടന്ന അവൾടെ ഒരു പഴയ ബെൽറ്റ് പല കഷണങ്ങളായി മുറിച്ചത് അങ്ങനെ കുറെ സാധനങ്ങൾ . ഞാൻ അറിയാതെ വീട്ടിൽ നിന്ന് കടത്തി കൊണ്ടു പോയതാണ് .ക്ലാസ്സിൽ കൊണ്ട് പോയി മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ടീച്ചർ കയ്യോടെ പിടികൂടി കസ്റ്റഡിയിൽ എടുത്തു  .  അപ്പൊ ഈ സാധനങ്ങൾക്ക് പകരമാണ് ഞങ്ങൾ കണ്ടിട്ടില്ലാത്ത കട്ടറും റബ്ബറുകളും ഒക്കെ വീട്ടിൽ എത്തികൊണ്ടിരുന്നത് . പിന്നെ അവിടെ പുതുതായി ഉണ്ടാക്കിയ ഒരു ബുക്ക് ഷെൽഫിന്റെ പുറത്തു ഇവളും ഗ്യാങ്ങും കൂടി കയറി ഇരുന്നു ഒടിച്ചെന്നു  മറ്റൊരു പരാതി  . അങ്ങനെ എല്ലാ തവണയും ഞങ്ങൾ ചെവിയിൽ പഞ്ഞിയും വെച്ച് തലയിൽ തുണിയുമിട്ട് അമ്പലത്തിൽ പോയി ഒരു തേങ്ങയും ഉടച്ചു കൃത്യമായി അറ്റൻഡ് ചെയ്യുന്ന പരിപാടി ആണ് ഈ പി.ടി .എ മീറ്റിംഗ് .

ബാംഗ്ലൂർ വന്നു കഴിഞ്ഞുള്ള മീറ്റിംഗുകളും ഒട്ടും വ്യത്യസ്തമല്ല . അതു കൊണ്ടാണ് ഇത്തവണയുള്ള മീറ്റിംഗിന് തനിയെ പോകേണ്ടി വരും എന്നായപ്പോ ഡാഡി കിളി പോയി ഇരുന്നത് . കഴിഞ്ഞ തവണ പരീക്ഷക്ക് പഠിപ്പിച്ചു മടുത്തു തറ  തുടക്കാൻ വിടാം എന്ന് പ്രഘ്യാപിച്ചു പോയതിൽ പിന്നെ ആ വഴിക്കു തിരിഞ്ഞു നോക്കാത്ത ആളാണ് .ഞാൻ ആ സമയത്തു സ്ഥലത്തുണ്ടാവില്ല , അമ്മയുടെ കൂടെ ഒരു ആവശ്യത്തിന് നാട്ടിൽ പോണം . അങ്ങനെ അച്ഛനും മോളും കൂടി മീറ്റിംഗിന് പോയി . മീറ്റിംഗ് കഴിയുന്ന സമയം ആയപ്പോ ഞാൻ വിളിച്ചു . ഫോണിന്റെ അങ്ങേ തലക്കൽ ഒരു നിമിഷത്തെ നിശബ്ദത .അപ്പോഴേ ഞാൻ ഉറപ്പിച്ചു , നല്ല പോലെ കേട്ടിട്ട് വരുന്ന വരവാണ് .

"ടീച്ചർ പറഞ്ഞു അവള് ഭയങ്കര അനുസരണ ഉള്ള കുട്ടിയാണെന്ന് . ക്ലാസ്സിൽ ഇപ്പൊ ഒരു ശല്യവും ഇല്ലെന്നു . പഠിത്തത്തിലും ഇമ്പ്രോവെമെന്റ് ഉണ്ട് പോലും"

ഞാൻ ഒരു നിമിഷം എന്റെ അടുത്തൂടെ മലർന്നു പറന്നു പോയ കാക്കയെ കണ്ണ് മിഴിച്ചു നോക്കി . പുറത്തു മഴ പെയ്യുന്നുണ്ടോ എന്നൊരു സംശയം .ഞാൻ കെട്ടിയോനോട് ചൂടായി "സത്യം പറ , നിങ്ങള് ഏതു കൊച്ചിനേം കൊണ്ടാ പോയത് .ഏതാ ഈ പറഞ്ഞ ജാര സന്തതി "

"എടി , ഞാൻ സത്യമായിട്ടും നമ്മുടെ കൊച്ചിനേം കൊണ്ടാ പോയത് . ടീച്ചറിനോട് ഞാൻ സഞ്ജന സുജയ് ടെ അച്ഛനാണെന്നു എടുത്തു പറഞ്ഞായിരുന്നു . നീ കഴിഞ്ഞ തവണ ടീച്ചറിനെ പോയി കണ്ടതിൽ പിന്നെയാണ് കൊച്ചിന് ഈ മാറ്റം വന്നതെന്നാ അവര് പറയുന്നേ "

ഇപ്പൊ ശെരിക്കും കിളി പോയത് എന്റെയാണ്‌ . ഇടയ്ക്കിടയ്ക്ക് പുത്രിയുടെ പുതിയ വിശേഷങ്ങൾ ടീച്ചർമാരുടെ വക ഡയറി കുറുപ്പുകളായി വീട്ടിൽ എത്താറുണ്ടായിരുന്നു . ഒരു തവണത്തെ ഡയറി കുറുപ്പ് വന്നപ്പോ ഞാൻ പോയി ടീച്ചറിനെ കണ്ടു കാര്യം തിരക്കി . പുതിയ സ്കൂൾ അല്ലെ ,ആ പോയിന്റിൽ പിടിച്ചു ഒരു അത്യുജ്വല പ്രകടനം നടത്തി .ഇവിടെ വരുന്നത് വരെയും സർവ ഗുണ സമ്പന്നയായിരുന്ന തങ്കകുടമായിരുന്ന എന്റെ കൊച്ചു   പെട്ടെന്ന്  ഇങ്ങനെ ആയിപോയതാണ് . എന്താ ടീച്ചറെ കാര്യം എന്ന് നിഷ്കളങ്കമായി ചോദിച്ചു  .  ഒടുവിൽ എന്റെ സങ്കടം പറച്ചിൽ കണ്ടു വാദി പ്രതിയാകും എന്ന അവസ്ഥയിൽ എത്തിയപ്പോ  ടീച്ചർ  ആയുധം വെച്ച് കീഴടങ്ങി "അവള് കുഞ്ഞല്ലേ , ഇപ്പൊ പഠിപ്പിക്കുന്ന കാര്യത്തിൽ ടെൻഷൻ അടിക്കേണ്ട . അവളെ പഠിപ്പിക്കണ്ട , കൂടെ കളിച്ചാൽ മതി" എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു വിട്ടു .

 അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് . കൊച്ചും  ഹാപ്പി ഞാനും ഹാപ്പി .വീട്ടിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറന്നു നടന്നു . അവളെ അവളുടെ വഴിക്കു വിട്ടപ്പോ അവളു വരേണ്ട വഴിക്കു വന്നു ....  സംഭവാമി യുഗേ യുഗേ..

Thursday, 3 November 2016

വേലക്കാരിയായിരുന്താലും ...



പുരാതന കാലം തൊട്ടേ ഞങ്ങൾ വർക്കിംഗ് വുമൺ  വർഗത്തിന് ഒഴിച്ച് കൂടാനാവാത്ത സഹായികളാണ്  വീട്ടിൽ ജോലിക്കു വരുന്ന ചേച്ചിമാർ (പ്രായം കൂടുതൽ ആണെങ്കിൽ മാമിമാർ ). എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ . പക്ഷെ എന്റെ ഈ കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ  സാധാരണ വീട്ടിൽ നിൽക്കുന്ന ചേച്ചിമാർ മുതലെടുക്കാറാണ് പതിവ് . ഒരു മുതലാളി എന്നെ നിലയിൽ ഞാൻ അത്ര പോരാ എന്ന അഭിപ്രായക്കാരാണ് ചേച്ചിയും അമ്മയും . കുറച്ചു കൂടി ബൂർഷ്യാ ആകണം പോലും . ഇല്ലെങ്കിൽ മേല്പറഞ്ഞ മുതലെടുപ്പുകൾ സംഭവിക്കും  എന്നാണ് അനുഭവത്തിന്റെ പുറത്തുള്ള ഉപദേശം .

നാട്ടിൽ ആയിരുന്ന കാലത്തു അമ്മൂനെ  നോക്കാൻ വന്ന മാമി  ഞങ്ങളുടെ കൂടെ ഒരു 3  വർഷത്തോളം ഉണ്ടായിരുന്നു .അത് കഴിഞ്ഞു ഫ്ലാറ്റ് എടുത്തു മാറിയപ്പോ വന്ന പദ്‌മജ ആന്റിയും കൂടെ ഒരു 2  വര്ഷം ഉണ്ടായിരുന്നു . ബാംഗ്ലൂരിലേക്ക് വരാൻ തുടങ്ങിയപ്പോഴേ ചേച്ചി മുന്നറിയിപ്പ് തന്നിരുന്നു , ഇങ്ങനെയുള്ള ദീർഘ കാല സ്നേഹബന്ധങ്ങൾ ഒന്നും ഇവിടെ പ്രതീക്ഷിക്കരുതെന്നു . ഇവിടെ ജോലിക്കു പെട്ടെന്ന് ആളെ കിട്ടും . പക്ഷെ കിട്ടുന്ന സ്പീഡിൽ തന്നെ അവര് ഇട്ടേച്ചും പോകും . കാരണം അവർക്കും പെട്ടെന്ന് അടുത്ത ജോലി കിട്ടും  ടെക്കികളുടെ ഭാഷയിൽ പറഞ്ഞാൽ അട്രീഷൻ റേറ്റ് കൂടുതലാണ് . എയ് , അത്രേം ഒന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയോടെ വന്ന എനിക്ക് ഈ ഒരു 8  മാസത്തോടെ കാര്യങ്ങളുടെ കിടപ്പുവശം മനസിലായി  . വേറെ ഒരിടത്തിനും കൂടി ഓഫർ ലെറ്റർ വാങ്ങിച്ചിട്ടേ സാധാരണ ഈ ചേച്ചിമാർ നമ്മളുടെ അടുത്ത് വരൂ . അവിടെ കിട്ടിയ ഓഫർ വെച്ച് കുറച്ചു വിലപേശും . വീടിന്റെ വാസ്തുവും വീട്ടിലുള്ളവരുടെ മുഖ്യലക്ഷണവും ഒക്കെ ഇഷ്‌ടപ്പെട്ടാൽ വരാമെന്നു സമ്മതിക്കും . ശെരി, നാളെ ജോലിക്കു വരാം എന്ന് പറഞ്ഞിട്ട് പോകുന്നവർ വന്നാൽ വന്നൂന്ന് പറയാം. വന്നാൽ തന്നെ ഒരു ഒരു മാസം നിന്നാൽ നിന്നൂന്നു പറയാം .  ചിലപ്പോ ഇവിടുന്നു പോകുന്ന വഴിയേ അവരെ വേറെ ഏതെങ്കിലും വീട്ടുകാർ ചാക്കിട്ടു പിടിച്ചാൽ ആ വഴിക്കു പോകും . പിന്നെ നമ്മൾ വീണ്ടും അടുത്ത് അതിലും വലിയ ചാക്കും കൊണ്ട് ഇറങ്ങണം .

അങ്ങനെ ഇവിടെ വന്നു എട്ടു മാസത്തിനിടെ ഒരു ആറ് പേരെയെങ്കിലും ഞാൻ നിയമിച്ചിട്ടുണ്ട് . ഭാഷ ആണ് മറ്റൊരു പ്രശനം .കന്നടക്കാരെ നിർത്താൻ ഒരു നിവർത്തിയുമില്ല . ഒരു അന്തോം കുന്തോം ഇല്ലാത്ത ഭാഷയാണ് . നമ്മള് ചക്കയെന്നു പറഞ്ഞാൽ അവർക്കു ഒരു ചക്കക്കുരുവും മനസിലാകില്ല . ചുക്കെന്നു പറഞ്ഞാൽ വേണേൽ അപ്പുറത്തെ പറമ്പിൽ പോയി ചക്കയിട്ടിട്ടു വരും . അതു കൊണ്ട് അവരെ  "കന്നഡ ഗൊത്തില്ലാ" പറഞ്ഞു ഒഴിവാക്കുകേ വഴിയുള്ളു . തമിഴ് അറിയുന്നവർ ആണ് കൂടുതലും വന്നത് . തമിഴും മലയാളവും അകന്ന ബന്ധുക്കളായതു കൊണ്ട് നമുക്ക് ഒരു വിധം പിടിച്ചു നില്ക്കാൻ പറ്റും . ആദ്യമാദ്യം ഞാൻ തമിഴ് ഒന്ന്  പയറ്റി  നോക്കിയായിരുന്നു . തച്ചിനിരുന്നു പണ്ട് ദൂരദർശനിൽ ശനിയാഴ്ച തമിഴ് സിനിമ കണ്ടതൊക്കെ പിന്നെ എപ്പോഴാ ഒന്ന് പ്രയോജനപ്പെടുന്നത് . പക്ഷെ നമ്മള് മലയാളം കഷ്ട്ടപെട്ടു തമിഴികരിച്ചു പറയുമ്പോ അവര് തിരിച്ചു കട്ട തമിഴെടുത്തലക്കും . നമ്മള് പിന്നെ അത് ഗൂഗിൾ ടട്രാൻസലേറ്ററിൽ ഒക്കെ ഇട്ടു മനസിലാക്കി വരുമ്പോ അവര് അവരുടെ പാടിന് പോകും . പക്ഷെ ഞാൻ നോക്കുമ്പോ അമ്മയ്ക്ക് ഇതൊന്നും ഒരു പ്രശ്നമേ ഇല്ല . ഇതെന്തു മറിമായം? ഞാൻ ഇവരെ ഒന്ന് രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിച്ചു അമ്മ നല്ല പച്ച മലയാളത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുന്നു , അവരതു അക്ഷരം പ്രതി അനുസരിക്കുന്നു . അത് ശെരി, അപ്പൊ ഒരു വിധം ചേച്ചിമാർക്കൊക്കെ മലയാളം അറിയാം .പിന്നെ എന്റെ ഈ തമിഴ് പ്രയോഗം ചുമ്മാ അവർക്കു ഒരു എന്റർടൈൻമെന്റ് , അത്രേ ഉള്ളു!!എല്ലാം സഹിക്കാം ,  ഏറ്റവും ബുദ്ധിമുട്ടു പക്ഷെ  ഈ കൊഴിഞ്ഞു പോക്ക് തന്നെയാണ് .നിന്ന നിൽപ്പിൽ കാണാതെയാകും . നോട്ടീസ് പീരീഡ് ഉം ബോണ്ടും ഒന്നും ഇല്ലല്ലോ . പിന്നെ നമ്മൾ അടുത്ത ആളെ നിർത്തണം . ചിലപ്പോ ഒരു ആഴ്ചത്തെ യാത്രയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു കയറുന്ന സുജയ് പുതിയ ആളെ കണ്ടിട്ട് "അയ്യ്യോ ചേച്ചി വീട് മാറിപ്പോയി"എന്ന് പറഞ്ഞു ഇറങ്ങി പോകും  .ഞാൻ പിന്നെ ഇതു പുതിയ ചേച്ചിയാണെന്നും പറഞ്ഞു മനസിലാക്കി വിളിച്ചോണ്ട് വരും


ഭാഗ്യം ഉണ്ടെങ്കിൽ ചിലര്  നോട്ടീസ് തരും . ഒരു തവണ നിന്ന ചേച്ചി പറഞ്ഞത് മകളുടെ പ്രസവം അടുത്തു , നോക്കാൻ ആളില്ല , നാട്ടിൽ പോണം ,അത്  കൊണ്ട് അടുത്ത മാസം തൊട്ടു വരില്ലെന്നാണ്  . പാവങ്ങളല്ലേ , നീ കുറച്ചു കാശു കൂടുതൽ കൊടുത്തു വിട്ടേരെ എന്ന് എന്റെ ദാനശീലനായ ഭർത്താവും ഉപദേശിച്ചു . അങ്ങനെ കൂടുതൽ കാശും വാങ്ങി മകളെ പ്രസവിപ്പിക്കാൻ നാട്ടിൽ പോയ ചേച്ചി കഴിഞ്ഞ ദിവസം അപ്പുറത്തെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞു ഇറങ്ങിപോകുന്നത് കണ്ടു . എന്നെ കണ്ടപ്പോ ചമ്മലൊന്നും ഇല്ലാതെ ചിരിച്ചു കാണിച്ചു . ആകെ ചമ്മിപോയ ഞാൻ സുഖമല്ലേ എന്ന് ഒഴുക്കൻ മട്ടിൽ ചോദിച്ചു അവിടുന്ന് മുങ്ങി . - ഇവർക്കൊന്നും നിന്നെ ഒരു പേടിയും ഇല്ല , പറ്റിക്കാൻ എളുപ്പമാണെന്ന് മനസിലാക്കി നമ്പർ ഇറക്കുന്നതാണ് . സംഭവം  പറഞ്ഞപ്പോ  അമ്മ എന്നെ പുച്ഛിച്ചു  .എനിക്കും ആകെ ക്ഷീണമായി പോയി . ഇനി മുതൽ ജോലിക്കു വരുന്നവരെ എല്ലാ ദിവസവും  ആദ്യത്തെ അഞ്ചു മിനുട്ടു ഞാൻ പേടിപ്പിച്ചോളാം എന്ന് സമ്മതിച്ചതിൽ പിന്നെയാണ് അമ്മയ്ക്ക് സമാധാനം ആയതു .

ഏറ്റവും അവസാനം നിന്ന ചേച്ചിയും ഇത് പോലെ നിന്ന നിൽപ്പിൽ മുങ്ങി . പക്ഷെ ഒന്നാം തിയതി കൃത്യം പൊങ്ങി വന്നു ശമ്പളം ചോദിച്ചു . ആശുപത്രിയിൽ ആയിരുന്നുന്നു .ശമ്പളം കിട്ടീട്ടു  ആശുപത്രിയിൽ പോയി വീണ്ടും കിടക്കാനുള്ളതാണ് പോലും .ആള് നല്ല പയറു പോലെ നിൽക്കുന്നു .. പുതിയ ഓഫർ കിട്ടിട്ടുണ്ടെന്നു കണ്ടാൽ അറിയാം .ഇവരെയാണേൽ ബൂർഷ്യാ  ട്രൈനിങ്ങിന്റെ ഭാഗമായി  ഞാൻ ഇടയ്ക്കിടയ്ക്ക് കണ്ണുരുട്ടി പേടിപ്പിക്കാറുണ്ടായിരുന്നതാണ് . എന്നിട്ടാണ് അവരെന്നോടു ഈ ചതി ചെയ്തത് .  എന്തൊക്കെ പറഞ്ഞാലും പണി കിട്ടിയത് enikkanallo  . ഇപ്പൊ വീണ്ടും ഞങ്ങൾ ചാക്കും കൊണ്ട് ഇറങ്ങിട്ടുണ്ട് . അടുത്ത ആളെ പിടിക്കാൻ...


Saturday, 22 October 2016

ഞങ്ങളുടെ വിവാഹം : ഒരു ഫ്‌ളാഷ്ബാക്ക്

എനിക്ക് കല്യാണാലോചനകൾ  കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം . ശാദി.കോം കേരളമാട്രിമോണി.കോം മുതലായ  കളരികളിൽ എല്ലാം   എനിക്ക് മെമ്പർഷിപ് ഉണ്ടായിരുന്നു . ആദ്യകാല ടെക്കികളിൽ ഒരാളായ അമ്മയാണ് മെയിൻ കോഓർഡിനേറ്റർ .  ശാദി.കോമിൽ ഒരു നീല സാരിയുടുത്ത ഫോട്ടോ ഇട്ടതിനെ തുടർന്നാണ് ഇനി പറയാൻ പോകുന്ന സംഭവ പരമ്പരകളുടെ തുടക്കം .ഹരിയുടെ കല്യാണത്തിന് എടുത്ത ഫോട്ടോ ആണ്. കൂടെ നിന്ന് ഫോട്ടോ എടുത്തവരുടെ ഒക്കെ തല നിഷ്കരുണം വെട്ടി മാറ്റി ഞാൻ എന്റെ തല മാത്രം എടുത്തു ശാദി.കോമിൽ ഇടാൻ അമ്മയ്ക്ക് കൊടുത്തു .

 ആയിടയ്ക്കാണ് നമ്മുടെ കഥാനായകൻ തനിക്കു കല്യാണം കഴിക്കാൻ പ്രായം ആയെന്നു സ്വയം പ്രഖ്യാപിച്ചു ശാദി.കോമിൽ  പ്രൊഫൈൽ ഉണ്ടാക്കുന്നതും,  ഈ നീല സാരി ഫോട്ടോ കാണുന്നതും , കാര്യം വീട്ടിൽ അവതരിപ്പിക്കുന്നതും  .  യു മീൻ കല്യാണം ?   പക്ഷെ നിനക്ക് അതിനുള്ള പ്രായം ആയോ മോനേ ? എന്ന് പറഞ്ഞു മമ്മി സംശയത്തോടെ സോഫയിൽ മലർന്നു കിടക്കുന്ന മകനെ നോക്കി .ഡാഡി റെയിൽവേയിലെ ചുമന്ന കൊടിയും danger   സൈനും ഒക്കെ എടുത്തു പൊക്കി കാണിച്ചു . എവിടെ , ഒരു പ്രയോജനവും ഉണ്ടായില്ല . വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ .

ഒടുവിൽ മമ്മിയും ഡാഡിയും ഞെട്ടലോടെ മകൻ പുര നിറഞ്ഞു എന്ന  സത്യം തിരിച്ചറിഞ്ഞു , പക്ഷെ പെണ്ണ് കാണാൻ വന്ന അവർ വീണ്ടും  ഞെട്ടി മകന്റെ തലക്കിട്ടു കൊട്ടി . പയ്യന് പൊക്കം  ആറടി രണ്ടിഞ്ച് പെണ്ണിന് പൊക്കം കഷ്‌ടിച്ചു അഞ്ചടി !! നാട്ടുകാരോട് എന്ത് സമാധാനം പറയും ?? പെണ്ണിന് പൊക്കം കൂടാനും ചെറുക്കന് കുറയാനും സാധ്യത ഇല്ലാത്തതിനാൽ പൊക്കം ഒരു ഡെമോക്ലസ്സിന്റെ വാൾ ആയി കല്യാണത്തിന്റെ മുകളിൽ നിന്നു . ഒടുവിൽ പെണ്ണിന് പൊക്കമില്ല എന്ന പരമ രഹസ്യം മറച്ചു വെക്കാനായി കല്യാണത്തിന് ഹീൽ ചെരുപ്പ് ഇട്ടാൽ മാറ്റി എന്ന് ധാരണയിൽ എത്തി  ഇരു കൂട്ടരും ചായ കുടിച്ചു പിരിഞ്ഞു .  അങ്ങനെ ഈ തിരോന്തോരത്തു കിട്ടുന്നതിൽ വെച്ച് ഏറ്റവും പൊക്കമുള്ള  ഹീൽ ചെരുപ്പ് അന്വേഷിച്ചു ഞങ്ങൾ ഇറങ്ങി പുറപ്പെട്ടു . ആ അന്വേഷണം അവസാനിച്ചത് കിഴക്കേകോട്ടയിലെ ഹോളിവുഡ് എന്ന കടയിൽ ആണ് .ചെന്ന് കയറി ആവശ്യം പറഞ്ഞപ്പോഴേ കടയിലെ പയ്യൻ  എടുത്തു തന്നു , ഒരു അഞ്ചു ഇഞ്ചു  ഹീൽ ഉള്ള ഒരു സാധനം  . ജനിച്ചപ്പോ തൊട്ടു ഹീൽ ചെരുപ്പ്  ഇട്ടു ശീലിച്ച എന്നോടാ കളി . അങ്ങനെ ആ സ്റ്റൂളിന്റെ , സോറി  ഹീലിൻറെ  പുറത്തു കയറി ഞങ്ങൾ വിവാഹത്തിന്റെ അവസാന കടമ്പ ചാടി കടന്നു !!

26-10-2008

ഫാസ്റ്റ് ഫോർവേഡ് ടു  വെഡിങ് ഡേ . ശ്രീകണ്ടേശ്വരത്തു വെച്ച് ഒരു മിന്നൽ താലികെട്ട് കഴിഞ്ഞു നേരെ അളകാപുരി ഓഡിറ്റോറിയത്തിലേക്കു . ബ്യൂട്ടീഷ്യൻ പറഞ്ഞ സമയത്തിനു തന്നെ എത്തിയിട്ടുണ്ട് . ഭാഗ്യം . കല്യാണത്തിന് ചെറുക്കൻ ഇല്ലേലും ഞങ്ങൾ പെണ്ണുങ്ങൾ സഹിക്കും .പക്ഷെ  ബ്യൂട്ടീഷ്യൻ വന്നില്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിക്കാനേ വയ്യ. ബ്യൂട്ടീഷ്യൻ വക പുട്ടിയടി കഴിഞ്ഞപ്പോ തന്നെ ഫോട്ടോഗ്രാഫർ ,വിഡിയോഗ്രാഫർ ഇത്യാദി ടീമുകൾ സംഭവസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു .കല്യാണം കഴിക്കുന്നത് നമ്മളാണെങ്കിലും അതിന്റെ കഥ ,തിരക്കഥ ,സംഭാഷണം എല്ലാം അവരുടെ കയ്യിലാണ് . സ്ലോ മോഷനിൽ നടക്കു കുട്ടി  , നിർത്തി നിർത്തി ചിരിക്കു കുട്ടി , എന്നൊക്കെ പറഞ്ഞു ഭയങ്കര നിർദ്ദേശങ്ങളാണ്  . നമ്മൾ പഞ്ച പുച്ഛം അടക്കി അവര്  പറയുന്നത്  പോലെ കേട്ടില്ലേൽ ചിലപ്പോ അവര് ഫോട്ടോഷോപ്പു  ചെയ്യാതെ ആൽബം പുറത്തിറക്കി കളയും  .വെറുതെ എന്തിനാ.. അങ്ങനെ സ്ഥലത്തെ പ്രധാന ഫോട്ടോഗ്രാഫറുടെയും ശിങ്കിടിയുടെയും കാർമികത്തിൽ മെയിൻ പ്രോഗ്രാം ആരംഭിച്ചു .

ഇതിനിടെ പയ്യനും കൂട്ടരും അളകാപുരിയിൽ എത്തിയിരുന്നു .പയ്യനെ സ്വീകരിക്കേണ്ടത് പെണ്ണിന്റെ സഹോദരൻ ആണ് .എനിക്ക് ഒറിജിനൽ സഹോദരൻ ഇല്ലാത്തതു കൊണ്ട് കുഞ്ഞമ്മയുടെ മകൻ മനുവിനെ പറഞ്ഞു ഏർപ്പാടാക്കി വെച്ചിരുന്നു .പക്ഷെ പയ്യനും കൂട്ടരും എത്തിയപ്പോ മനുവിനെ കാണാനില്ല .എല്ലാവരും ഓടിപ്പാഞ്ഞു അവനെ അന്വേഷിച്ചു നടക്കുന്നു .അവനാണേൽ ഫോൺ വിളിച്ചിട്ടു എടുക്കുന്നും ഇല്ല . പയ്യനും ടീമും നടുറോഡിൽ വെയിലത്ത് നിന്ന് വിയർത്തു കുളിക്കുന്നു . ആകപ്പാടെ സംഘർഷാവസ്ഥ .ഈ സമയം ഇതൊന്നും അറിയാതെ മനു വീട്ടിൽ കിടന്നു പോത്തു പോലെ ഉറങ്ങുവായിരുന്നു . തലേ ദിവസം മുഴുവൻ മണ്ഡപത്തിൽ ഇരുന്നു അധ്വാനിച്ചു ക്ഷീണിച്ചു പാവം രാവിലെ ഒന്ന് വിശ്രമിക്കാൻ പോയതാ . പിന്നെ  കല്യാണം ഒക്കെ കഴിഞ്ഞു ശുഭം എന്ന് എഴുതി കാണിച്ചപ്പോഴാണ് ആള് മണ്ഡപത്തിൽ പ്രത്യക്ഷ പെടുന്നത് . എന്തായാലും തക്ക സമയത്തിന് അതിലെ വന്ന  കൊച്ചിച്ഛന്റെ മകൻ  ചോട്ടുവിനെ കൊണ്ടു പയ്യനെ സ്വീകരിപിച്ചു പ്രശ്നം പരിഹരിച്ചു . തന്നെ അധികം വെയില് കൊള്ളിച്ചു മേക്കപ്പ് പോകാതെ രക്ഷിച്ചതിന്റെ ഒരു പ്രത്യേക വാത്സല്യം ഇന്നും എന്റെ ഭർത്താവിന് അവനോടു ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട് .


പെണ്ണിനെ താലപ്പൊലി  ആയി സ്റ്റേജിൽ കൊണ്ട് വരുന്ന ഒരു പരിപാടി ഉണ്ട് . ചേച്ചി ആയിരുന്നു അതിന്റെ ടീം ലീഡർ ചേച്ചി അന്നനടയിൽ കയ്യിലെ താലവും ബാലൻസ് ചെയ്‌തു  മുന്നേ നടന്നു  . പുറകെ വരി വരി ആയി താലവും പിടിച്ചു കുറെ കുട്ടികൾ .ഏറ്റവും ബാക്കിൽ ഏകദേശം  5 കിലോ ഉള്ള സാരിയും ഉടുത്തു , കാലിൽ 5 ഇഞ്ചു ഹീലും ഇട്ടു  , കയ്യിൽ താലവും ആയി ഞാനും . എങ്ങനെയെങ്കിലും മറിഞ്ഞു വീഴാതെ മണ്ഡപത്തിൽ എത്തണം എന്നു മാത്രമേ ഉള്ളു മനസ്സിൽ .അങ്ങനെ വിജയകരമായി ജാഥ നയിച്ച് ചേച്ചി മണ്ഡപത്തിൽ എത്തിയപ്പോഴാണ് അതു സംഭവിച്ചത്.
 ചേച്ചിടെ പുറകെ വന്ന ഒരു കൊച്ചു  ചുമ്മാ ഒരു രസത്തിനു കയ്യിൽ ഉണ്ടായിരുന്നു വിളക്ക്   വെച്ച് ചേച്ചിടെ മുടിക്ക്  തീ  വെച്ചു കൊടുത്തു . കല്യാണം ആകുമ്പോ കുറച്ചു തീയും  പുകയും ഒക്കെ വേണ്ടേ എന്ന് വിചാരിച്ചു കാണും  . ആരോ  പെട്ടെന്ന്   ചാടി വീണു തീ അണച്ചത്  കൊണ്ട് വേറെ അപകടം ഒന്നും ഉണ്ടായില്ല . അതോടെ താലപ്പൊലി പ്രോഗ്രാം  വേഗം  അവസാനിപ്പിച്ചു ആ തല തെറിച്ച പിള്ളേരെ ഒക്കെ അവിടുന്ന് ഓടിച്ചു വിട്ടു .  താലം ബാലൻസിങ് ആക്ട് കഴിഞ്ഞ സമാധാനത്തിൽ മണ്ഡപത്തിൽ  എത്തിയപ്പോ  അവിടെ  അതാ ആറടി പൊക്കത്തിൽ എന്റെ ഭർത്താവു (ഫസ്റ്റ് റൗണ്ട് താലി കെട്ട് കഴിഞ്ഞല്ലോ) മുഖം വീർപ്പിച്ചു നിൽക്കുന്നു . ചോദിച്ചപ്പോ പൂജക്ക്‌ വന്ന പോറ്റിയെ  ചൂണ്ടി കാണിച്ചു തന്നു,  നല്ല വെളുത്തു സുന്ദരനായ ponytail  ഒക്കെ ഉള്ള ഒരു പോറ്റി. ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ പോറ്റിയാണ് . മണ്ഡപത്തിൽ ആള് അങ്ങനെ കട്ട ഗ്ലാമർ ആയി ഇരിക്കുന്നത് കണ്ടു നമ്മുടെ പയ്യന് കോംപ്ലക്സ് അടിച്ചു . അവിടെ ഉള്ള പെണ്ണുങ്ങൾ എല്ലാം പോറ്റിയെ വായിന്നോക്കി ഇരിക്കുന്നു, പയ്യനെ ആരും  മൈൻഡ് ചെയ്യുന്നില്ല പോലും . കല്യാണം കഴിഞ്ഞ ഉടനെ പോറ്റിയെ പാക്കപ്പ് ചെയ്യിക്കാം എന്ന് പറഞ്ഞതിൽ പിന്നെ ആണ് മുഖം തെളിഞ്ഞത് . 

സദസ്സിൽ ഉള്ള കുറെ അപ്പൂപ്പന്മാരേം അമ്മൂമ്മമാരേം ഒക്കെ ഓടിച്ചിട്ട് പിടിച്ചു  കാലിൽ തൊട്ടു  തൊഴുതാലേ  മണ്ഡപത്തിൽ കയറി ഇരിക്കാനുള്ള ടിക്കറ്റ് കിട്ടൂ . അതാണ്  നാട്ടുനടപ്പ് . അങ്ങനെ എല്ലാരുടേം  കാലിൽ വീണു കിളിപോയി   അവസാനം ഫോട്ടോഗ്രാഫറുടെ കാലിൽ വീഴാൻ പോയ എന്നെ  മതീന്നും പറഞ്ഞു ആരോ പിടിച്ചു മണ്ഡപത്തിൽ കയറ്റി ഇരുത്തി . ഫൈനലി ...അമ്പലത്തിൽ വെച്ച് താലി കിട്ടിയതിന്റെ ഉപകാര സ്മരണയ്ക്ക് ഞാനും അങ്ങോട്ടു ഒരു താലി  കെട്ടി .ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ അതിന്റെ ഒരു ഇത്  . ഒരു വശത്തു  നിന്ന് കുറെ ചേച്ചിമാരും അമ്മച്ചിമാരും മത്സരിച്ചു   കുരവഃ ഇടുന്നു .  ഫോട്ടോഗ്രാഫർ  ഇങ്ങോട്ടു നോക്കു , ചിരിക്കു എന്നൊക്കെ പറഞ്ഞു ബഹളം വെക്കുന്നു  .ഇതിനിടെ പോറ്റി കുറെ പൂവും ചന്ദനവും   എടുത്തു കയ്യിൽ  തരുന്നു . ബാക്ക്ഗ്രൗണ്ടിൽ നാദസ്വരം . ഒന്നും മനസിലാകുന്നില്ല. ആകപ്പാടെ ജഗ പൊഗ  ബഹളം.

അപ്പോഴാണ് ഒരു സൈഡിൽ  നിന്ന് ഒരു ഹാരം എന്റെ നേരെ വന്നത് . വാങ്ങിക്കോ എന്ന് ആരോ പറഞ്ഞു . വാങ്ങിച്ചു . ചെറുക്കന് ഇട്ടു കൊടുത്തോ എന്ന് വേറെ ആരോ പറഞ്ഞു . ഭാരം കാരണം എറിഞ്ഞു കൊടുത്തു എന്ന് വേണം പറയാൻ . ഭാഗ്യം ചെറുക്കന്റെ കഴുത്തിൽ തന്നെ വീണു . അടുത്തിരുന്ന പോറ്റി തക്ക സമയത്തു മാറി കളഞ്ഞത് കൊണ്ട് രക്ഷപെട്ടു . അങ്ങനെ സമാധാനം ആയി ഇരുന്നപ്പോഴാണ് അതാ വീണ്ടും  അടുത്ത ഒരു ഹാരം എന്റെ നേരെ  വരുന്നു  .  ഹും , ഇനി എനിക്ക് ആരും ഒന്നും പറഞ്ഞു തരേണ്ട . എല്ലാം ഞാൻ ഇപ്പൊ ശെരി ആക്കി തരാം എന്നും പറഞ്ഞു ഞാൻ ആ ഹാരം ചാടി പിടിച്ചു . സദസ്സിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു .നീ ആക്രാന്തം  കാണിക്കാതെ ഞാൻ ഇട്ടു തരം എന്ന് പറഞ്ഞു എന്റെ ഭര്ത്താവ് എന്നെ നോക്കി കണ്ണുരുട്ടി .  കാര്യം പിടി കിട്ടി , ഇനി പുള്ളിയുടെ ചാൻസ് ആണല്ലോ . എന്റെ അബദ്ധം ഓർത്തു ഞാൻ തന്നെ പൊട്ടി ചിരിക്കാൻ തുടങ്ങി. കല്യാണ മണ്ഡപത്തിൽ വെച്ച് നാണം കുണുങ്ങി ഇരിക്കേണ്ട പെണ്ണ് അട്ടഹസിച്ചാൽ എന്താ അവസ്ഥ . എനിക്കാണേൽ കണ്ട്രോൾ കിട്ടുന്നില്ല . സ്സീൻ കോൺട്രാ ആകും   എന്ന് കണ്ടു മമ്മി  പുറകിൽ  നിന്നും മിണ്ടാതിരി മിണ്ടാതിരി എന്നൊക്കെ പറയുന്നുണ്ട് .ആരു കേൾക്കാൻ . അവസാനം പാവം ഗതി കെട്ട് ഒറ്റ നുള്ളു വെച്ച് തന്നു  . അതോടെ ഞാൻ വളരെ  കഷ്ട്ടപെട്ടു സീരിയസ് ആയി ഇരുന്നു . എന്റെ ഈ പ്രകടനം കണ്ടു പേടിച്ചു അമ്മയും അച്ഛനും ഞങ്ങളെ പെട്ടന്ന് താഴെ ഇറക്കി മണ്ഡപത്തിനു മൂന്നു റൌണ്ട് അടിക്കാൻ പറഞ്ഞു വിട്ടു . സദ്യക്ക് പുളിശ്ശേരി ഇല്ലായിരുന്നു എന്നതൊഴിച്ചു അന്ന് പിന്നെ പറയത്തക്ക വേറേ അപകടങ്ങൾ ഒന്നും ഉണ്ടായില്ല . വാങ്ങി കൊടുത്ത തൈര് പാചകക്കാരൻ മുക്കിയതാണ് കാരണം . കല്യാണത്തിൻറെ  ഇടയിൽ തൈരു  കച്ചവടം !!

വാൽകഷ്ണം

 പരിചയം ഉള്ളവരേം ഇല്ലാത്തവരേം ഒക്കെ നോക്കി ചിരിച്ചും കൂടെ നിന്ന് ഫോട്ടോ എടുത്തും  ഞങ്ങൾ വശം കെട്ടു ആ ദിവസം അങ്ങനെ കടന്നു പോയി. പിന്നെ രണ്ടു ദിവസം  കോട്ടക്കലിൽ പോയി തിരുമ്മിയിട്ടാണ് മുഖത്തു നിന്ന് ചിരിച്ച ഭാവം മാറി കിട്ടിയത് . അന്ന് തുടങ്ങിയ യാത്ര 10 വര്ഷം തികയ്ക്കുന്നു . ഇടയ്ക്കു ഞങ്ങളുടെ കാന്താരിയും കൂടി വന്നപ്പോ കോറം തികഞ്ഞു,  വണ്ടി അങ്ങനെ ഓടി കൊണ്ടിരിക്കുന്നു ....


Sunday, 16 October 2016

ശകട പുരാണം - ഒന്നാം അധ്യായം


നമുക്ക് ഒരു   15  വര്ഷം പുറകിലോട്ടു പോകാം . ഞാൻ അന്ന് കോളേജിൽ പഠിക്കുന്ന കാലം  .അപ്പോഴാണ് ആദ്യമായിട്ട് 2  wheeler  ഓടിക്കണം എന്ന ആഗ്രഹം  തോന്നുന്നത്  . അച്ഛനാണ് ആദ്യ  ഗുരു .ഒരു ചുമന്ന  ഹീറോ puch ആണ് അന്നത്തെ ശകടം .  ഒരു വിധം  നീന്തി നീന്തി ഒക്കെ ഓടിക്കാൻ പഠിച്ചു .പക്ഷെ കലശലായ പേടി ആണ് പ്രധാന പ്രശ്നം  . ലോറി, കാർ ഇമ്മാതിരി ഭീകര സാധനങ്ങളെ കാണുമ്പോ ഞാൻ പയ്യെ വണ്ടി ബഹുമാനത്തോടെ സൈഡിൽ  നിർത്തി കൊടുക്കും . അവര്  പൊയ്ക്കോട്ടേന്നു,വെറുതെ എന്തിനാ നമ്മള് ഇടയ്ക്കു കയറുന്നേ . പിന്നെ ഓടിക്കുമ്പോൾ സ്പീഡ് കുറക്കുന്ന പരിപാടി ഇല്ല . കൂട്ടാൻ മാത്രമേ അറിയാവൂ. വേറൊന്നും കൊണ്ടല്ല, സ്പീഡിൽ പോയാലേ ബാലൻസ് കിട്ടുള്ളൂ, അതുകൊണ്ടാ ..  ഭാഗ്യത്തിന് ആവശ്യം വന്നാൽ ബ്രേക്ക് പിടിക്കും .ഫുൾ സ്പീഡിൽ പോയിട്ട് sudden  ബ്രേക്ക് ഇടുന്നതാണ് സ്റ്റൈൽ . "എന്നേം കൊണ്ട് പോകുന്നേ " എന്ന മട്ടിൽ  ഞാൻ കണ്ണും തള്ളി ആ വണ്ടിടെ പുറത്തു കയറി  പാഞ്ഞു വരുന്നതു കാണുമ്പോഴേ നാട്ടുകാരൊക്കെ ഓടി വീട്ടിൽ കയറി കതകടക്കും . അത് കൊണ്ട് ആളപായം ഒന്നും ഉണ്ടായില്ല .പക്ഷെ ഒരു ദിവസം ഞാൻ ഹൈ സസ്പീഡിൽ ഓടിച്ചു കൊണ്ട് പോയി സൈഡിൽ നിന്ന  ഒരു പാവം പോസ്റ്റിൽ ഒറ്റ ഇടി .അതോടെ നിരാശനായി അച്ഛൻ എന്നെ ഡ്രൈവിംഗ് സ്കൂളിൽ
 നിന്ന് ഡിസ്മിസ്  ചെയ്‌തു .എന്റെ കുറ്റം അല്ല ,പോസ്റ്റ്  വഴിയിൽ വന്നു നിന്നതു കൊണ്ടാണെന്നു പറഞ്ഞിട്ടൊന്നും അച്ഛൻ സമ്മതിച്ചില്ല .   എന്റെ കൂടെ പഠിക്കാൻ തുടങ്ങിയ ചേച്ചിയാണേൽ നല്ല മിടുക്കിയായിട്ടു സിറ്റിയിൽ ഒക്കെ വണ്ടി ഓടിച്ചു ചെത്തി നടന്നു.  പാവം ഞാൻ ഇടക്കൊക്കെ ആ സ്കൂട്ടറിന്റെ  ബാക്കിൽ കയറ്റി  ഒരു pillion റൈഡർ ആയി ഒതുങ്ങി കൂടി .ഈ രണ്ടു വീലിൽ ബാലൻസ് ചെയ്യാൻ വലിയ പാടാണെന്നേ .ഞങ്ങൾക്ക് അന്ന് കാർ ഇല്ലായിരുന്നു  .ഇല്ലെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു .ഹും


കുറച്ചു  വര്ഷങ്ങള്ക്കു ശേഷം :

അമ്മുവിനു   ഒരു രണ്ടോ മൂന്നോ വയസു ആയി കാണും . ആ സമയത്താണ് വീണ്ടും വണ്ടി ഓടിക്കണം എന്ന ആഗ്രഹം തോന്നുന്നത്  .ഇത്തവണ കാർ ആണെന്ന് മാത്രം . എന്റെ എല്ലാ പൊട്ടത്തരത്തിനും മനസറിഞ്ഞു ഒത്താശ ചെയ്‌തു തരുന്ന ഭർത്താവു ഒരു ഓഫറും  വെച്ചു - ഡ്രൈവിംഗ് പഠിച്ചാൽ വണ്ടി വാങ്ങി തരാം പോലും . .പോരേ പൂരം . ഞാൻ ഉടനെ ചാടി പുറപ്പെട്ടു . അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു  . വളരെ ശാത്രീയമായി ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു സാധു മനുഷ്യൻ . ശാന്ത സ്വഭാവൻ , എന്റെ ഭാഗ്യം .അങ്ങനെ എന്റെ കാർ ഡ്രൈവിംഗ് പഠനം ആരംഭിച്ചു .ദൂരെ ഒരു ബിന്ദുവിലേക്കു നോക്കു അവിടുന്ന് ദൃഷ്ടി  താഴേക്കു കൊണ്ട് വരൂ അവിടെ ഒരു ആർച് കാണുന്നുണ്ടോ എന്നൊക്കെ പറഞ്ഞു ഫിസിക്സ് ഉം ഫിലോസഫിയും ഒക്കെ ചേർന്നുള്ള പഠന രീതി .എനിക്ക് പക്ഷേ ഒരു ചക്കേം മനസിലായില്ലന്നു മാത്രം .എങ്ങനെ മനസിലാക്കും .പുള്ളി പറയുന്നത് കേൾക്കണം, അതിന്റെ ഇടയ്ക്കു ക്ലച്ച് ചവിട്ടണം , ഗിയര് മാറ്റണം ആക്സിലറേറ്റർ കൊടുക്കണം . വലിയ പാടാണ്‌ .ഒരു സമയം ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്‌താൽ  മതി  എന്നുള്ള  രീതിയിൽ ഈ സാധനം ഡിസൈൻ ചെയ്‌താൽ പോരെ . ഉദാഹരണത്തിന് സാർ  ഗിയര് മാറ്റു കുട്ടി എന്ന് പറയുമ്പോ ഞാൻ കൂൾ ആയി ഗിയര് അങ്ങ് മാറ്റും  .പക്ഷെ ഗിയർ മാറ്റി  വിജയശ്രീ ലാളിതയായി സാറിനെ   നോക്കുമ്പോ സാർ പല്ലും കടിച്ചു ശാന്തനായി ചോദിക്കും   " അല്ല , ക്ലച്ച് ചവിട്ടുന്നില്ലേ?" . അയ്യ്യോ  ശെരി ആണല്ലോ . . ഗിയര് മാറ്റുന്ന ആവേശത്തിൽ ക്ലച്ച് ചവിട്ടാൻ മറന്നു .അല്ല ,ഒരു സമയം ഒരു കാര്യത്തിലല്ലേ  നമ്മള് ഫോക്കസ് ചെയ്യാവു. ഹനുമാൻ ലങ്ക ചാടാൻ പോകുന്നത്തിനു  മുമ്പ് സാറിന്  കൊടുത്തിട്ടു പോയ കാർ   ആണ് . എന്റെ ഈ പരാക്രമത്തിൽ മനം നൊന്തു അത് കിടന്നു അലറി  വിളിച്ചു പ്രതിഷേധിക്കുന്നു, എന്തൊക്കെയോ കരിഞ്ഞ മണവും വരുന്നുണ്ട്   . ശാന്തൻ സാർ ക്ഷമയുടെ നെല്ലിപ്പലക കയ്യിൽ പിടിച്ചു എന്നെ ഒരു വിധം ഡ്രൈവിംഗ് പഠിപ്പിച്ചു ഒരു വഴി ആക്കി.

 ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ ദിവസം എനിക്ക് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു . I did it !! ഭർത്താവു വാക്ക് പാലിച്ചു , ഒരു പഴയ മാരുതി 800 വാങ്ങി തന്നു . എൻറെ അപ്പോഴത്തെ ഡ്രൈവിംഗ് നിലവാരത്തിനു അതു തന്നെ അധികമായിരുന്നു .ദോഷം പറയരുതല്ലോ അത് എനിക്ക് പറ്റിയ വണ്ടിയായിരുന്ന് . കയറി നിന്ന് ചവിട്ടിയാലേ ക്ലച്ച്ചും ബ്രേക്കും ഒക്കെ വീഴു , പവർ സ്റ്റിയറിംഗ്, പവർ ബ്രേക്ക് എന്നിങ്ങനെ അത്യാധുനിക ഘടകങ്ങൾ ഒന്നും ഇല്ല , പിന്നെ ഒരു 20 -30 ഇന് മേലിൽ  സ്പീഡ് ഇല്ല .അതു  കൊണ്ട് മാക്സിമം സെക്കന്റ് ഗിയറിനു  മുകളിൽ പോകുന്ന പ്രശ്നമില്ല . അങ്ങനെ ഞാൻ ചാക്ക ബൈപാസ്സിൽ  എന്റെ 800 ഇൽ കുറച്ചു വിലസി . എന്നെ ഓവർ ടേക്ക് ചെയ്‌തു പുച്ഛിച്ചു കടന്നു പോയ സൈക്കിൾ കാരെ ഒക്കെ ഞാനും തിരിച്ചു പുച്ഛിച്ചു , ഇടക്കു ചിലരെയൊക്കെ ഓടിച്ചിട്ട് ഇടിക്കാൻ നോക്കി , ചാക്ക ബെപാസ്സിൽ തരക്കേടില്ലാതെ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കി .. അപ്രകാരം  എൻറെ പ്രയാണം തുടർന്നു.

അങ്ങനെ വിലസി നടക്കുമ്പോഴാണ് എന്റെ ഭർത്താവു ഞാൻ ഡ്രൈവിംഗ് പഠിച്ചു എന്ന് പരസ്യ പ്രഖ്യാപനം  നടത്തി പുതിയ കാർ വാങ്ങാൻ തീരുമാനിക്കുന്നത് . പവർ ബ്രേക്കും  പവർ സ്റ്ററിങ്ങും ഉള്ള മുന്തിയ സാധനം .നമുക്ക് പഴയ 800 മതിയെന്നൊക്കെ പറഞ്ഞു നോക്കി .നോ രക്ഷ .ഒടുവിൽ  800 ഔട്ട് ritz ഇൻ . ടെസ്റ്റ് ഡ്രൈവ് ഒക്കെ നടത്തിയെങ്കിലും 800 ഓടിക്കുന്നത് പോലെ ritz ഓടിക്കാൻ എനിക്കു അത്ര ധൈര്യം തോന്നിയില്ല . പണ്ടത്തെ പേടിയുടെ അസുഖം വീണ്ടും തല പൊക്കി . ആ വണ്ടിക്കു എന്തേലും സംഭവിച്ചാൽ എന്റെ ഭർത്താവു എന്നെ വെറുതെ വിടില്ലാന്നു ഉറപ്പുള്ളത് കൊണ്ടു ഞാൻ എന്റെ ഡ്രൈവിംഗ് മോഹം വീണ്ടും അടച്ചു പൂട്ടി അലമാരയിൽ വെച്ചു് . റിറ്റ്സിനോടുള്ള  സ്നേഹം കൊണ്ട് പ്രസ്തുത  ഭർത്താവും എന്നെ അധികം നിർബന്ധിച്ചില്ല . ആ ചാപ്റ്റർ അതോടെ ക്ലോസ് .

ഫാസ്റ്റ് ഫോർവേഡ് : ലൊക്കേഷൻ - ബാംഗ്ലൂർ 


 "നമുക്ക് സ്കൂട്ടർ പഠിച്ചാലോ" - ചേച്ചിയാണ് . പണ്ട് സൂപ്പർ ആയി വണ്ടി ഓടിച്ചു നടന്ന ടീം ആണ് . ഇടയ്ക്കു വെച്ച് ആ ഓട്ടവും എങ്ങനെയോ മുടങ്ങി പോയി . ബാംഗ്ലൂരിലെ എണ്ണിയാൽ ഒടുങ്ങാത്ത ക്രോസ്സുകളിലും മെയിനുകളും  എനിക്കും മടുത്തു തുടങ്ങിയിരിക്കുന്നു . ഓട്ടോക്കാണേൽ കഴുത്തറുക്കുന്ന റേറ്റും   . സ്കൂട്ടർ 15   വര്ഷം മുമ്പേ അജണ്ടയിൽ നിന്ന് വെട്ടി മാറ്റിയതാണ് . പക്ഷെ ഇവിടുത്തെ ട്രാഫിക് വെച്ച് നോക്കുമ്പോ കാർ  ഓടിക്കുന്നതിലും  ബുദ്ധി സ്കൂട്ടർ ഓടിക്കുന്നത് തന്നെ ആണ് .അങ്ങനെ സ്കൂട്ടർ പഠിക്കാൻ പോയി . ചേച്ചി ആദ്യത്തെ ദിവസം തന്നെ കാല് തറയിൽ കുത്താതെ വണ്ടി ഓടിച്ചു ടീച്ചറിനെ ഇമ്പ്രെസ്സ്  ചെയ്‌തു .അഞ്ചാമത്തെ ദിവസമായിട്ടും  ഞാൻ കഷ്ട്ടപെട്ടു തുഴയുന്നതേ ഉള്ളു .പണ്ട് പഠിച്ചതൊന്നും യാതൊരു ഓർമയും ഇല്ല . അതെങ്ങനെയാ മര്യാദക്ക് പഠിച്ചാലല്ലേ ഓർമ്മ നില്ക്കു  .ഒടുവിൽ പാവം തോന്നിയ ടീച്ചർ എക്സ്ട്രാ ക്ലാസ് ഒക്കെ എടുത്തു ഒരു വിധം കാല് തറയിൽ കുത്താതെ ഓടിക്കാൻ പഠിപ്പിച്ചു വിട്ടു .

ഇത്തവണ പക്ഷെ വണ്ടി എന്നേം കൊണ്ട് പോകുന്നു എന്നെ ഫീലിംഗ് മാറി കിട്ടിട്ടുണ്ട് . ഭർത്താവു വീണ്ടും ഒരു വണ്ടി സ്പോൺസർ ചെയ്‌തു . ചേച്ചിയും വാങ്ങി ഒരെണ്ണം . ഇപ്പൊ റാലി ആയി സ്കൂട്ടർ ഓടിച്ചു പോകുന്നതാണ് ഞങ്ങളുടെ ഹോബി . അധികം ദൂരെ ഒന്നും പോകാനുള്ള ധൈര്യം ആയിട്ടില്ല , ഒരു 1 -2 km ചുറ്റളവിൽ പോകും .അത്രേ ഉള്ളു . എന്നാലും അത്രയും ഡ്രൈവർ പണി കുറഞ്ഞു കിട്ടിയതു കൊണ്ടു ഹസ്ബൻഡ്‌സും ഹാപ്പി . നല്ല ട്രാഫിക് ആയതു കൊണ്ട് പയ്യെ തുഴഞ്ഞു തുഴഞ്ഞു പോയാൽ മതി . ഇവിടെ പിന്നെ ഇടയ്ക്കു കുറച്ചു ഗോ മാതാക്കൾ കുറുകെ ചാടും എന്നൊരു പ്രശ്നമേ ഉള്ളു . കൂടെ കുറെ പട്ടികളും. അതൊന്നു മാനേജ് ചെയ്യാൻ പഠിച്ചാൽ മതി  .ഭാഷ അറിഞ്ഞൂടാത്തതു കൊണ്ട് ആരെങ്കിലും മര്യാദക്ക് വണ്ടി ഓടിക്കാത്തതിന് തെറി വിളിച്ചാലും നമുക്ക് മനസിലാകുന്ന പ്രശ്നമില്ല . മൊത്തത്തിൽ വണ്ടി ഓടിക്കാൻ പറ്റിയ അന്തരീക്ഷം.. വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ ..അല്ലെ ..

വാൽകഷ്ണം : കാർ  തന്നെയാണ് ഇപ്പോഴും സ്വപ്നം . ഞാൻ വണ്ടി ഓടിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതു അച്ഛനാണ് . ഓടിച്ചപ്പോൾ സന്തോഷിച്ചതും അച്ഛനാണ് . എന്റെ കൂടെ ധൈര്യമായി വണ്ടിയിൽ കയറിയിട്ടുള്ളതും അച്ഛൻ തന്നെ..ഇപ്പൊ കൂടെ ഇല്ലെങ്കിലും അച്ഛൻ അത് ആഗ്രഹിക്കുന്നുണ്ടെന്നു എനിക്ക് ഉറപ്പുണ്ട് .. വീണ്ടും കാർ  ഡ്രൈവിംഗ് പൊടി തട്ടി എടുത്താൽ സെക്കന്റ് ഹാൻഡ് കാർ ഓഫറുമായി ഭർത്താവും രംഗത്തുണ്ട് .ഒരു കൈ നോക്കാൻ തന്നെ ആണ് തീരുമാനം . കളരി പരമ്പര ദൈവങ്ങളേ ..മിന്നിച്ചേക്കണേ ...

Sunday, 2 October 2016

ഒരു പരൂക്ഷണകാലം


പരീക്ഷ കാലം ആയാൽ വീട്ടിലെ കസേരയിൽ ഒക്കെ സ്പ്രിങ് പ്രത്യക്ഷപ്പെടും . അതിൽ വന്നിരിക്കുന്ന അമ്മു ഓരോ   സെക്കന്റിലും ചാടി പോയി വെള്ളം കുടിക്കും.,ടോയ്‌ലെറ്റിൽ  പോകും , പുതിയ പെന്സില് , റബ്ബർ , കട്ടർ എന്നിവ എടുക്കാൻ പോകും . ഇതു  കണ്ടു ഉറങ്ങു തുള്ളുന്ന എന്നെ കണ്ടു  ഭർത്താവു പൊട്ടിച്ചിരിക്കും., കൊച്ചിനെ "എടുത്തിട്ട് അലക്കുന്നതിൽ " പ്രതിഷേധിച്ചു  അമ്മ ചേച്ചിടെ വീട്ടിലോട്ടു വാക് ഔട്ട്  നടത്തും .വീട്ടിൽ ആകെ ഒരു ഊളമ്പാറ കുതിരവട്ടം ഫീൽ ആണ്. ഇത്തവണയും വ്യത്യസ്തം അല്ല . അടി , വിളി , പൊട്ടിച്ചിരി ,വാക് ഔട്ട് എന്നിവ മുറയ്ക്ക് നടക്കുന്നുണ്ട് . ഇടയ്ക്കു ഞാൻ അവൾക്കു ബ്രേക്ക് കൊടുക്കുമ്പോളാണ് വീട്ടിൽ വെടി നിർത്തൽ ഉണ്ടാകുന്നത് . അമ്മയും ഡാഡിയും  കഷ്ട്ടപെട്ടു  മാർക്ക്  വാങ്ങിച്ചതിന്റെയും അമ്മാമ്മ  പഠിച്ചതിന്റെയും  ഒക്കെ കഥകൾ കഴിഞ്ഞ ദിവസം 'അമ്മ പറഞ്ഞു കൊടുത്തതിൽ പിന്നെ  രണ്ടു ദിവസം കുറച്ചു മാനസാന്തരം ഉണ്ടായിരുന്നു. വീണ്ടും ഇപ്പൊ പഴയ അവസ്ഥ .

കൊച്ചിനോട് പഠിക്കാൻ മാത്രം ആരും പറയരുത്. അങ്ങനെ  പറയുന്നവരൊക്കെ ദുഷ്‌ടന്മാരും നീചന്മാരും ആണ്. .ഞാനും  അമ്മയും ആണ് സാധാരണ ആ ഗണത്തിൽ പെടുന്നത് . ഡാഡി എപ്പോഴും  സോഫയിൽ മലർന്നു കിടന്നു ടി.വി കാണുന്നത് കൊണ്ട് വലിയ ശല്യം ഇല്ല . ഇല്ലെങ്കിൽ കട്ടിലിൽ മലർന്നു കിടന്നു മൊബൈൽ നോക്കും. മലർന്നു കിടപ്പു സ്‌ഥായി ഭാവം ആണ് .സ്ഥാനം മാത്രം മാറും . ചിലപ്പോ ഡ്രോയിങ്  റൂം , ചിലപ്പോ ബെഡ് റൂം എന്നൊരു വ്യത്യാസം   മാത്രമേ ഉള്ളു . അതവിടെ കിടക്കട്ടെ . അപ്പൊ പറഞ്ഞു വന്നത് ചെറുതിന്റെ കാര്യം . പൊതുവെ കാലിൽ ഉള്ള സ്പ്രിങ്ങിനെ കൂടാതെ പരീക്ഷ ആകുമ്പോ പഠിക്കാൻ ഇരിക്കുന്ന  കസേരയിലും സ്പ്രിങ് പ്രത്യക്ഷപ്പെടുക എന്നുള്ളത് ഒരു സാധാരണ സംഭവം ആണ് . മറ്റു ചില പ്രത്യേകതകൾ  കൂടി ഉണ്ട് പരീക്ഷ കാലത്തിനു. .വീട്ടിൽ ഉള്ള സകല റബ്ബറുകളും കട്ടറുകളും  കാണാതെ ആകും . റബ്ബറു വേണ്ട,നീ വെട്ടിയിട്ടു എഴുതു എന്ന് ഞാൻ ഉറച്ച നിലപാട് എടുത്തതിൽ പിന്നെ അതിനു ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ട് . കട്ടർ പിന്നെ ഞാൻ തന്നെ എടുത്തു സുരക്ഷിത സ്ഥാനങ്ങളിൽ വെക്കാൻ തുടങ്ങിയതിൽ പിന്നെ ആ പ്രശ്നത്തിനും പരിഹാരം ആയെന്നു പറയാം . പക്ഷെ പരിഹാരം ഇല്ലാത്ത ഒരു പ്രശ്നം പെൻസിലിൽ ഉള്ള ചാത്തൻ സേവ  ആണ് . എഴുതുന്ന വഴിയേ പെൻസിൽ  താഴെ പോകുക, പെൻസിലിന്റെ  മുന  മിനുറ്റിൽ അഞ്ചു എന്ന നിരക്കിൽ ഒടിഞ്ഞു പോകുക എന്നുള്ളതാണ് ചാത്തന്മാരുടെ ഒരു രീതി . ചാത്തൻ സേവാ കൂടുതൽ ആകുമ്പോ ഞാൻ യക്ഷിയെ ആവാഹിച്ചു  ഉറഞ്ഞു തുള്ളും. അപ്പൊ പിന്നെ കുറച്ചു നേരത്തേക്ക് ചാത്തന്മാർ അടങ്ങും , സ്പ്രിങ് അപ്രത്യക്ഷം ആകും , രംഗം കൊടുംകാറ്റിനു മുമ്പുള്ളതു പോലെ ശാന്തം ആകും

സാമം ദാനം ദണ്ഡം ഭേദം എന്നൊക്കെ എന്തോ ഒരു ചൊല്ലുണ്ടല്ലോ .ഞാൻ ഇവിടെ എല്ലാം ട്രൈ ചെയ്‌തു പണ്ടാരം അടങ്ങി ഇരിക്കുന്ന സമയത്താണ് സാധാരണ എന്റെ  ഭർത്താവു എന്നെ ഉപദേശിക്കാൻ വരുന്നത് .സാധാരണ അതു  ഒരു ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ അവസാനിക്കും .പിന്നെ ഞങ്ങൾ ഒരു ആഴ്ചയൊക്കെ മിണ്ടാതെ ഇരിക്കും .ചിലപ്പോ എന്റെ ബുദ്ധി പ്രവർത്തിക്കുന്ന സമയം ആണേൽ ഞാൻ നല്ല നൈസ് ആയി പണി കൊടുക്കും. "കുട്ടൻ കുറച്ചു നേരം പഠിപ്പിക്കാവോ" എന്നൊക്കെ സോപ്പ് ഇടും. പുള്ളി ചിലപ്പോ അതിൽ  മൂക്കും  കുത്തി വീഴും. ഞാൻ ഉള്ളിൽ ഊറി ചിരിച്ചു നിങ്ങൾക്കു  ഇങ്ങനെ തന്നെ വേണം എന്നു മനസ്സിൽ  പറഞ്ഞു പയ്യെ ചെറുതിനേം കൂടെ ആക്കി കൊടുത്തു മുങ്ങും.ഡാഡിയും  മകളും വലിയ കമ്പനി ആയി അമ്മയെ എന്തിനു കൊള്ളാം  എന്നൊക്കെ ഡയലോഗ് അടിച്ചു വലിയ മച്ചാ മച്ചാ ആയി പഠിക്കാൻ കയറി പോകുന്നത്  കണ്ടു . അപ്പോഴേക്കും ഞാൻ countdown  ആരംഭിച്ചു .മാക്സിമം ഒരു ഒരു മണിക്കൂർ . അതു  കഴിഞ്ഞപ്പോ  പൊട്ടലും ചീറ്റലും തുടങ്ങി . നിന്നെ ഞാൻ കൊല്ലും തിന്നും എന്നൊക്കെ ഒരു  അഞ്ചു പത്തു തവണ കേട്ട് കഴിഞ്ഞപ്പോ അമ്മ എന്നെ ആധിയോടെ നോക്കി  . മരുമകൻ തിന്നും എന്ന് പറഞ്ഞാൽ തിന്നും എന്ന് അമ്മയ്ക്ക് അറിയാം . അമ്മ എന്നെ കണ്ണും കയ്യും കാണിച്ചു തുടങ്ങി " നീ പോയി ആ കൊച്ചിനെ വിളിച്ചോണ്ട് വാ, ഇല്ലെങ്കിൽ  അവൻ അതിനെ ശെരി ആക്കും" . അവർ രണ്ടു പേരും  കൂടി അകത്തു കയറി തിലകനും  ജയറാമും കളിക്കുവാണോ എന്ന് സംശയം ഉള്ളത് കൊണ്ട് ഞാൻ അതു അത്ര മൈൻഡ് ചെയ്‌തില്ല . അമ്മ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു ചെറുമകളെ രക്ഷിക്കാൻ ചാടി പുറപ്പെട്ടു .കാര്യം പന്തി അല്ലെന്നു തോന്നിയ ഞാനും പുറകെ വെച്ചടിച്ചു . ചെന്നപ്പോ സംഗതി സീരിയസ് ആണ് . സാധാരണ എൻറെ ദേഹത്തു കൂടുന്ന ബാധ ആണ് കൂടിയിരിക്കുന്നത് . അവളെ പഠിപ്പിക്കാൻ ഇരിക്കുന്ന ആർക്കും സംഭവിക്കുന്ന സാധാരണ അപകടം. നമ്മുടെ ക്ഷമയുടെ നെല്ലിപ്പലക അവള് മാന്തി എടുത്തു കയ്യിൽ വെച്ച് തരുന്നതാണ് ആദ്യ പടി . നമ്മൾ അതിൽ  തല തല്ലി ചാകാറാകുമ്പോഴും അവളു  ഒരു കൂസലും ഇല്ലാതെ ഇതൊക്കെ  ചെറുത് എന്ന മട്ടിൽ ഇരിക്കും . അതു കാണുമ്പോഴാണ് ഈ പറഞ്ഞ ബാധ നമ്മുടെ ദേഹത്ത് കയറുന്നതു . പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല.ഉറഞ്ഞു തുള്ളുന്ന ഡാഡി ഒരു വശത്തു , ഞാൻ ഒന്നും ചെയ്ടില്ലേ രാമനാരായണ എന്ന മട്ടിൽ പേടി അഭിനയിച്ചു നിൽക്കുന്ന കാന്താരി  ഒരു സൈഡിൽ , എല്ലാം കണ്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുന്ന അമ്മ ഒരു സൈഡിൽ  ഇത്. എല്ലാത്തിന്റേം നടുക്ക് ഞാനും. ഒടുവിൽ അവളെ പഠിക്കാൻ വിടേണ്ട, തറ തുടയ്ക്കാൻ വിടാം എന്ന് അന്തിമ വിധി എഴുതി ഡാഡി വീണ്ടും മലർന്നു കിടക്കാൻ പോയതോടെ അന്നത്തെ നാടകം അവസാനിച്ചു .കൊച്ചിനെ അടിച്ചതിൽ പ്രതിഷേധിച്ചു 'അമ്മ വാക്കോട്ട് നടത്തി ചേച്ചിടെ വീട്ടിൽ ഷോർട് വിസിറ്റിനു പോയി. ഞാനും കഥാനായികയും  ആ തക്കം നോക്കി ലൈറ്റും ഓഫ് ചെയ്‌തു കിടന്നുറങ്ങി . Enough ഈസ് enough . അല്ല പിന്നെ, അവള് ജയിക്കുന്നേൽ ജയിക്കട്ടെ .

വാൽകഷ്ണം : എന്നിട്ടു പുത്രി ജയിച്ചോ എന്നായിരിക്കും നിങ്ങളുടെ സംശയം .അതു സസ്പെൻസ് . ആ കഥ അടുത്ത തവണ പറയാം 

Saturday, 7 May 2016

For my unsung hero..My Achan

Dearest Acha,

Hope you are doing good in heaven. I know that you are in heaven, coz you were a good human being. Almost 6 months have passed, but I still miss you every single day. Every day  I look at your garlanded photograph and I feel lost. I feel angry and I feel sad.Lost because you are no longer around to call me "kocheee" the way only you can . Angry at myself for taking you for granted and sad because I cannot redo any of that. Life seldom gives you second chances.

You had a good life and a good death. Days after you were gone, people used to tell me how you peacefully you left this world, in your sleep. I sadly smiled at them. But inwardly, I wanted to scream at them . I wanted to tell them, how desperately I  tried to wake you up from that sleep. How desperately I wanted to believe that it is all a dream and not the harsh reality. How I ran for help, carrying the car key, hoping that someone can take you to hospital and revive you. I am numb, holding your ice cold hands while we were speeding to hospital with you head resting on Amma's shoulder. I remember desperately asking someone if we can take you to KIMS hospital and if they can revive you. We have seen in movies and all, they apply this electrical shock kinda thing and people sometimes wake up. That moment, I was desperation personified..

How can I not be desperate. I didn't get a chance to live up to your expectations. I was always busy with my own life and career. You were a silent presence in my life. Sometimes, you nagged me to slow down only to be reprimanded by Amma for not being considerate enough. I wish you were around to nag me . I wish you were around to tell me "Don't worry, be happy"  . I know that I never gave you the care that you deserved. I was always procrastinating. Let this be over, let that be over..and then I will get time. But I never got time and will never get again. How I wish I had said at least a bye to you that day when I collected my lunch bag from you and got into the office bus. I was irritated that I was again late. Now I realize that I was always late. I was late in giving you the care and consideration. You were that soil under my feet that kept me firmly grounded. I could do many things, because you were around to take care of the nitty gritties of my life.

That day they put you in a freezing casket. At times I wanted to switch it off. I knew that you cannot stand cold temperatures.  I wish I can have atleast one day back with you so that I can take care of you the way I should have. You never asked me for anything. You didn't even wear the shirts that I had brought for you last onam because you felt that you already had enough. You left so abruptly that sometimes I was screaming at you in my head "How could you do this to me". I know that it sounds absurd and illogical. Your time came and you left. Somehow I am unable to accept that fact at times. You  left me with many life long regrets, should-haves and could-haves. When was the last time that we had a meaningful conversation, I don't remember. I was too busy. When was the last time I gave you my undivided attention instead of whataspping my friends in parallel. I don't remember. I was too busy that I forgot to cherish you. I was always more concerned about Amma. She was the one with health issues. Even you were always worried about her health than about yourselves. I have never seen any man care for his wife the way you used to care for her. Sometimes, it made me jealous in a very childish manner.

Losing someone who was around since the time I could remember was too much of a shock for me. You must be aware that I couldn't sleep properly for few months after you were gone. I was not at peace. With so many changes happening in my life, I was too worried. I used to wake up regularly at 2 Am or 3 AM and then couldn't sleep at all. Somewhere I had read that this happens when you have a spirit around you. How I wish that was true.Maybe you were watching me silently.But you never came to my dreams to disturb me. I was  desperately hoping that you would  , so that we can atleast have one good conversation for me to cherish.

I know that these are all my regrets. You had  a happy and content life. They say that even you were not be aware of your death, since it happened in your sleep. Nobody heard a sound or a even a murmur. You didn't disturb anybody, not even your beloved wife who was hardly 20 feets away from you. You lived as a nice man and left as one. I know that you would be concerned about Amma. She is fine, still in shock but recovering. She is not the same person anymore, something had shifted inside her. She is no longer the strong woman she used to be. She gets worried and sentimental at each and every small thing. We are trying to take care of her as much as we can. But I know that she will not be the same again.

We have started our life at a new place in a new way..I still miss you and wish that you were around. In that navy blue tracksuit and T shirt that you loved wearing. You had developed a love for T shirts with pockets. I wish I could have bought you few more.. I wish I could have taken care of you better..I wish ..I wish.

Don't know why Acha, but I was missing you a lot today..I miss you when I hear people talking about their father, or when I see them spend time with their father..I can never do that again...But I can hear you saying from somewhere nearby "Don't worry, be happy "

With lots of love,
Your kochu..